പുറ്റിങ്ങല്‍ ദുരന്തം; വെളിവാകുന്നത് സ്ഫോടക വസ്തു നിയമം നടപ്പാക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതര വീഴ്ച

By Web DeskFirst Published Apr 17, 2016, 6:10 PM IST
Highlights

ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ സ്ഫോടക വസ്തു നിയന്ത്രണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് പിന്നാലെ 2011 ല്‍ അന്നത്തെ ഡിജിപി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പൊലീസ് ആസ്ഥാനത്ത് എസ്‍പിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. എല്ലാ ലൈസന്‍സികളുടെയും ഗോഡൗണുകളടക്കം നിരന്തരം പരിശോധിക്കണം. സൂക്ഷിക്കുന്ന സ്ഫോടകവസ്തുവിന്‍റെ കണക്കെടുക്കണം. നിയമലംഘനമുണ്ടായെങ്കില്‍ നടപടിയെടുക്കണം. പരിശോധനയുടെ വിശദ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ പ്രത്യേക സെല്ലിന് അറിയിക്കണം. സ്ഫോടവസ്തു ശേഖരിക്കുന്നിടത്ത് മിന്നല്‍ പരിശോധനയും വേണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

ഇന്‍റിലിജന്‍സ് എഡിജിപി അടക്കമുള്ളവര്‍ക്കായിരുന്നു ഇതിന്റെ ഉത്തരവാദിത്തം. കേവലം ലൈസന്‍സ് പരിശോധന മാത്രം പോരെന്നാണ് 2010ല്‍ ഇറക്കിയ സര്‍ക്കുലറും നിര്‍ദേശിക്കുന്നത്. ലൈസന്‍സി വിറ്റഴിച്ച സ്ഫോടക വസ്തുവിന്‍റെ കണക്കെടുപ്പടക്കം വിശദമായ പരിശോധനയാണ് ആവശ്യപ്പെടുന്നത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടിന് നിരോധിത രാസവസ്തു ഉപയോഗിച്ചെന്ന നിഗമനത്തിലാണ് കേന്ദ്ര വിദഗ്ധ സംഘമെത്തിയത്. നേരത്തെ ഇറക്കിയ സര്‍ക്കുലറുകള്‍  പൊലീസ് നടപ്പാക്കിയിരുന്നുവെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു. മിന്നല്‍ പരിശോധനയും അടക്കടിയുള്ള പരിശോധനയും കണക്കെടുപ്പും കേസെടുപ്പുമൊക്കെ കടലാസിലൊതുങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. മൂക്കിന് താഴെ വന്‍ തോതില്‍ സ്ഫോടകവസ്തു വാഹനങ്ങളിലെത്തിച്ചിട്ടു പോലും രഹസ്യാന്വേഷണ വിഭാഗവും പൊലീസും അറിഞ്ഞില്ലെന്നാണ് പുറ്റിങ്ങല്‍ സംഭവം വ്യക്തമാക്കുന്നത് .

click me!