
തിരുവനന്തപുരം: വനംവകുപ്പിന്‍റെ തടി-ചന്ദന ഡിപ്പോകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. 28 ഡിപ്പോകളിലാണ് 'ഓപ്പറേഷൻ ബഗീര' എന്ന പേരിൽ പരിശോധന നടത്തുന്നത്. തടി ലേലം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് ഡയറക്ടർ ബി എസ് മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ ബഗീര' നടക്കുന്നത്.
തടി ലേലം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമ വിരുദ്ധ ഇടപാടുകൾ നടക്കുന്നതായും അതുവഴി സാധാരണക്കാർക്ക് ന്യായ വിലയിൽ തടി ലഭിക്കുന്നില്ലെന്നും വ്യാപകമായി പരാതി ഉയർന്നിരുന്നു. കേട് വരാത്ത തടികൾക്ക് കേടുള്ളതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന. '
'ഓപ്പറേഷൻ ബഗീര'യുടെ ഭാഗമായി മറയൂർ ചന്ദന ഡിപ്പോയിൽ വിജിലൻസ് റെയ്ഡ് നടത്തി. നടപ്പ് സാമ്പത്തിക വർഷത്തിലെ ചന്ദന വിൽപ്പന സംബന്ധിച്ച കണക്ക് പരിശോധിക്കാനാണ് പരിശോധന നടത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മുൻ വർഷങ്ങളേക്കാൾ ഇരട്ടി ചന്ദനം മറയൂർ ചന്ദന ഡിപ്പോയിൽ വിറ്റഴിച്ചിരുന്നുവെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam