Latest Videos

ഇപ്പോള്‍ നടക്കുന്നത് ബ്രൂവറി ചലഞ്ച്; സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

By Web TeamFirst Published Sep 26, 2018, 10:26 AM IST
Highlights

സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു ഡിസ്റ്റിലറിയും 3 ബ്രുവറികളും രഹസ്യമായി അനുവദിച്ചതിനു പിന്നിൽ വൻ അഴിമതിയെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭ പോലും അറിയാതെ എടുത്ത തീരുമാനമാണിതെന്നും ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി അതീവ രഹസ്യമായി ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഐയും പാർട്ടിമന്ത്രിമാരും അറിഞ്ഞില്ലെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി.

പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്ര പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കാണ് ബിയർ നിർമ്മാണത്തിന് അനുമതി നൽകിയത്. തൃശൂരിൽ ശ്രീചക്രാ ഡിസ്റ്റിലറിക്ക് വിദേശമദ്യ നിർമ്മാണത്തിനും സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ കണ്ണൂരിലെ കെഎസ് ഡിസ്റ്റിലറിയുടേയും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിയുടെയും ശേഷി കൂട്ടാനും അനുവാദം നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

1999ൽ നികുതി സെക്രട്ടറിയായിരുന്ന വിനോദ് റായ് പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിക്കരുതെന്ന് കാണിച്ച് ഇറക്കിയ ഉത്തരവ് മറികടന്നു. മദ്യനയത്തിൽ സൂചിപ്പിപ്പിച്ചില്ല. അപേക്ഷ ക്ഷണിക്കാതെ ഇഷ്ടക്കാരിൽ നിന്ന് മാത്രം അപേക്ഷ വാങ്ങി അനുമതി നൽകിയതിന് പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് പ്രതിപക്ഷനേതാവിറെ ആരോപണം.

എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച നടന്നില്ലെന്ന് ശരിവെക്കുന്ന രീതിയിലായിരുന്നു കാനം രാജേന്ദ്രന്‍ ആരോപണത്തോട് പ്രതികരിച്ചു. അതേ സമയം നേരത്തെ തന്നെ അപേക്ഷകളിലാണ് തീരുമാനമെടുത്തതെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം. അപേക്ഷ പരിശോധന എക്സൈസ് കമ്മീഷണറുടെ ശുപാർശ പ്രകാരം തത്വത്തിൽ അംഗീകരമാണ് ഇപ്പോൾ നൽകിയത്. ലൈസൻസ് അനുവദിച്ചിട്ടില്ല. മന്ത്രിസഭ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വകുപ്പ് അധികൃതർ വിശദീകരിച്ചു.

click me!