റിസോര്‍ട്ട് ഇരട്ട കൊലപാതകം; പുറംലോകമറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം, ആസൂത്രിതമെന്ന് സംശയം

By Web TeamFirst Published Jan 13, 2019, 8:11 PM IST
Highlights

40 ഏക്കര്‍ ഏലത്തോട്ടത്തിന്റെ നടുക്കാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എത്തിപ്പെടാന്‍ പ്രയാസമുളളതിനാല്‍ തന്നെ അപകടം ഉടന്‍ പുറംലോകത്തെത്തില്ല. ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. 
 

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടില്‍ നടന്ന  കൊലപാതകം പുറംലോകമറിഞ്ഞത് മൂന്നുദിവസം കഴിഞ്ഞ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് റിസോര്‍ട്ടുടമ ജേക്കബ് വര്‍ഗീസ് എന്ന രാജ്ഷ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവര്‍ കൊല്ലപ്പെട്ടത്. അനധിക്യത നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തി മൂന്നാര്‍ ദൗത്യസംഘം പൊളിച്ചുനീക്കിയ റിസോര്‍ട്ടിന് സമീപത്താണ് കൊലചെയ്യപ്പട്ട രാജ്ഷിന്റെ റിസോര്‍ട്ടും എസ്‌റ്റേറ്റും ഉള്ളത്. 

റോഡില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ വാഹനത്തില്‍ കയറിവേണം ഇവിടെ എത്താന്‍. പ്രക്യതി മനോഹരമായ മേഖലയായതിനാല്‍ സന്ദര്‍ശകരുടെ തിരക്കേറുമെന്ന് കരുതിയാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്നത് രാജേഷ് നേരിട്ടായിരുന്നു. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യെയും ബോബിനെയും ജോലിക്കെടുത്തത്. 

40 ഏക്കര്‍ ഏലത്തോട്ടത്തിന്റെ നടുക്കാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എത്തിപ്പെടാന്‍ പ്രയാസമുളളതിനാല്‍ തന്നെ അപകടം ഉടന്‍ പുറംലോകത്തെത്തില്ല. ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. 

രാജേഷിന്‍റെ കാര്‍ മോഷണം പോയതായി പൊലീസ് കണ്ടെത്തിയെങ്കിലും കൊലപാതകം നടത്തിയത് എന്തിനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീവനക്കാരനായ ബോബിനെയാണ് പോലീസ് സംശയിക്കുന്നത്. ഉടമയുടെ കാര്‍ ബോബിന്‍ ഓടിച്ചുപോയത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.  

ജീവനക്കാരനായ മുത്തയ്യ രണ്ട് ദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളിൽ രക്തം കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുള്ള എലക്കാ സ്റ്റോറിൽ മരിച്ച നിലയിൽ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  ഇതിന് ശേഷമാണ് സ്റ്റോറിന് സമീപത്തെ ഏലക്കാട്ടിൽ വിലച്ചെറിഞ്ഞ നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 

click me!