എയര്‍സെല്‍ മാക്സിസ് കേസ്: പി ചിദംബരം ഒന്നാം പ്രതി

By Web TeamFirst Published Oct 25, 2018, 3:23 PM IST
Highlights

ചിദംബരം അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്ളത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസ് നവംബര്‍ 26ന് പരിഗണിക്കും. കഴിഞ്ഞ ജനുവരിയില്‍ ചിദംബരത്തിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു

ദില്ലി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം ഒന്നാം പ്രതി. ചിദംബരം അടക്കം ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്ളത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. കേസ് നവംബര്‍ 26ന് പരിഗണിക്കും. കഴിഞ്ഞ ജനുവരിയില്‍ ചിദംബരത്തിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു.

ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്ന് അറിയിച്ചിരുന്നു. എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് അന്ന് കണ്ടെത്തിയത്. ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. രഹസ്യരേഖകള്‍ എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

2013-ല്‍ സീല്‍വെച്ച കവറില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകളുടെ പകര്‍പ്പാണ് ഇത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഒപ്പിടാത്ത പകര്‍പ്പാണ് കണ്ടെത്തിയതെന്നാണ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മാക്സിസിന്‍റെ അനുബന്ധ സ്ഥാപനമായ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് സർവീസസ് ഹോൾഡിങ്സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭിക്കാൻ, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടന്നാണു കേസ്. 600 കോടി രൂപയുടെ നിക്ഷേപത്തിനു മാത്രമേ അനുമതി നൽകാൻ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് ഇതിൽക്കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതെന്നാണ് കേസിലെ ആരോപണം.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍  പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും അറസ്റ്റിൽനിന്നു നൽകിയിട്ടുള്ള പരിരക്ഷ നവംബർ ഒന്നുവരെ നീട്ടി നൽകി സിബിഐ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നു. ചിദംബരം നൽകിയ ഹർജിയിൽ വിശദമായ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സിബിഐയുടെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെയും അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ് അന്ന് വിധി വന്നത്. അതിന് പിന്നാലെയാണ് അനുബന്ധ കുറ്റപത്രം നല്‍കി ചിദംബരത്തെ ഒന്നാം പ്രതിയാക്കിയത്.

click me!