ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ തടയാനെത്തിയത് പാക് എഫ് 16 യുദ്ധവിമാനങ്ങള്‍; മിറാഷിന്‍റെ കരുത്തറിഞ്ഞ് പിന്‍മാറ്റം

By Web TeamFirst Published Feb 26, 2019, 12:21 PM IST
Highlights

ബാലക്കോട്ടടക്കമുള്ള മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമസേനാ നടപടിക്കിടെ പാക് വ്യോമസേന വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍  ഇന്ത്യയുടെ മിറാഷ് പോര്‍വിമാനങ്ങളുടെ കരുത്തറിഞ്ഞതോടെ പാക് വിമാനങ്ങള്‍ പിന്തിരിഞ്ഞു. 

ദില്ലി: ബാലക്കോട്ടടക്കമുള്ള മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത വ്യോമസേനാ നടപടിക്കിടെ പാക് വ്യോമസേന വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍  ഇന്ത്യയുടെ മിറാഷ് പോര്‍വിമാനങ്ങളുടെ കരുത്തറിഞ്ഞതോടെ പാക് വിമാനങ്ങള്‍ പിന്തിരിഞ്ഞു. എഫ് 16 യുദ്ധ വിമാനങ്ങളാണ് ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ ശ്രമിച്ചത്. 

ഏത് പ്രതികൂല സാഹചര്യത്തിലും ശത്രുപാളയം തകര്‍ത്ത് മുന്നേറാനും ബോംബുകള്‍ വര്‍ഷിക്കാനും കെല്‍പ്പുള്ള മിറാഷ്-2000 വിമാനങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ പാക് യുദ്ധ വിമാനഹങ്ങള്‍ക്ക് പ്രതിരോധം അസാധ്യമായി. ഇതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പന്ത്രണ്ട് മിറാഷ് വിമാനങ്ങളാണ് പാക് മണ്ണിൽ പ്രത്യാക്രമണത്തിന് പോയത്. ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പുറത്ത് വിട്ടിട്ടുണ്ട്.  പാക് അധീന മേഖലയിലെ ബാലാകോടിലാണ് ആക്രമണം നടന്നതെന്നാണ് പാക് കരസേന മേധാവി പറയുന്നത്. നിയന്ത്രണരേഖ മാത്രമാണ് ഇന്ത്യ ലംഘിച്ചതെന്നും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാന്‍റെ ഏറ്റവും ഒടുവിലെ വിശദീകരണം. ആളപായമോ നാശനഷ്ടമോ ഇല്ലെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു.

പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം  ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.   

പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി. പശ്ചിമ എയര്‍ കമാന്‍റാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്

ഉറി,പഠാൻകോട്ട് ഭീകരാക്രമണങ്ങൾക്ക് ബദലായി ഇന്ത്യ മുൻപ് മിന്നലാക്രമണം നടത്തിയിരുന്നു. അന്ന് കരസേന പാക് അധീന പ്രദേശത്തേക്ക് കടന്ന് കയറി ആക്രമണം നടത്തി സുരക്ഷിതമായി മടങ്ങി എത്തുകയും ചെയ്തിരുന്നു. കരസേനയുടെ ഇത്തരം ആക്രമണം മുന്നിൽ കണ്ട് പാകിസ്ഥാൻ ചെറുത്ത് നിൽപ്പിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങിയതെന്നാണ് വിവരം. 

click me!