
പാലക്കാട്: കഞ്ചാവ് കടത്ത് സംഘങ്ങളുടെ പ്രധാന ഇടത്താവളമായി പാലക്കാട് ജില്ല. ജില്ലയിൽ ഒരു വർഷത്തിനിടെ പിടിച്ചത് 452 കിലോ കഞ്ചാവും ഹെറോയിൻ അടക്കമുള്ള മറ്റ് ലഹരി വസ്തുക്കളുമാണ്.
ഒരു കാലത്ത് കഞ്ചാവ് മാഫിയയുടെ പ്രധാന പാത കമ്പം തേനി റൂട്ടായിരുന്നു. പണ്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരി ഒഴുകിയത് ഈ വഴിയാണ്. എന്നാൽ കഞ്ചാവ് മാഫിയയുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ കോയമ്പത്തൂർ പാലക്കാട് റൂട്ടിലേക്ക് മാറി.
തമിഴ്നാട്ടിൽ നിന്ന് റോഡ് മാർഗവും റെയിൽ മാർഗവും എളുപ്പത്തിൽ എത്താനാകുന്ന ജില്ലയാണ് പാലക്കാട്. മലപ്പുറം,കോഴിക്കോട്, തൃശൂർ, എറണാകുളം എന്നീ ജില്ലകളിലെ ആവശ്യക്കാർക്ക് വേഗത്തിൽ ലഹരി എത്തിക്കുവാൻ പാലക്കാട്ട് നിന്നും എളുപ്പമാണ്. ഇതാണ് പാലക്കാടിനെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടത്താവളമാക്കി മാറ്റുന്നത്.
പാലക്കാട് ജില്ലയിൽ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നിരവധി കഞ്ചാവ് കേസുകളാണ്. മണ്ണാർക്കാട് നിന്ന് 11 കിലോ കഞ്ചാവ് പിടിച്ചതാണ് ഏറ്റവും പുതിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ മാത്രം പിടിച്ചത് 39 കിലോ കഞ്ചാവ്. എല്ലാ കേസുകളിലും പ്രതികൾ കോളേജ് വിദ്യാർഥികളും യുവാക്കളും. പലരും ഒന്നിലേറെ തവണ സമാന കേസുകളിൽ പിടിയിലായവരും.
ടെൻഷൻ ഒഴിവാക്കാനും സന്തോഷം ലഭിക്കാനും ആണ് കഞ്ചാവ് ഉപയോഗിക്കുന്നതെന്നാണ് പിടിയിലാകുന്ന മിക്ക യുവാക്കളും പൊലീസിന് നൽകുന്ന മറുപടി. മിക്ക ഡിജെ പാർട്ടികളുടെയും പ്രധാന ആകർഷണം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമാണ്.
ഇപ്പോൾ കഞ്ചാവിന്‍റെ വിളവെടുപ്പ് നടക്കുന്ന ആന്ധ്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ചാണ് പാലക്കാട് ജില്ലയിലൂടെ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തുന്നത്. ജില്ലയിലൂടെ കഞ്ചാവ് കടത്ത് വ്യാപകമായ സാഹചര്യത്തിൽ എക്സൈസും പോലീസും പരിശോധന ശക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam