കായികതാരങ്ങളുടെ നിയമനത്തിന്‌ റാങ്ക്‌ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു; രണ്ടു മാസത്തിനകം നിയമനം

By Web TeamFirst Published Feb 8, 2019, 11:13 PM IST
Highlights

മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്നതാണ്‌ റാങ്ക്‌ പട്ടിക. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മുടങ്ങിയ നിയമനമാണ്‌ ഇപ്പോൾ നടത്തുന്നത്

തിരുവനന്തപുരം: സർക്കാർ സർവീസിൽ 248 കായികതാരങ്ങളെ നിയമിക്കാനുള്ള റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചു. 2010 മുതൽ 2014 വരെയുള്ള അഞ്ചു വർഷം കായികതാരങ്ങൾക്ക്‌ സംവരണം ചെയ്‌ത തസ്‌തികകൾ നികത്താനാണിത്‌. രണ്ടു മാസത്തിനകം നിയമനം നൽകിത്തുടങ്ങും. 

റാങ്ക്‌ലിസ്‌റ്റ്‌ സ്‌പോട്‌സ്‌ കൗൺസിലിന്‍റെയും കായിക വകുപ്പ്‌ ഡയറക്‌ടറേറ്റിന്‍റെയും വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്‌റ്റിലും റിസർവ്‌ ലിസ്‌റ്റിലുമായി 409 പേരടങ്ങുന്നതാണ്‌ റാങ്ക്‌ പട്ടിക. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ മുടങ്ങിയ നിയമനമാണ്‌ ഇപ്പോൾ നടത്തുന്നത്‌. 

ഒരു വർഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വർഷത്തേക്ക്‌ 250 പേരെയാണ്‌ നിയമിക്കേണ്ടത്‌. ഒരു തസ്‌തികയിൽ ഇന്ത്യൻ ഹോക്കി ടീം നായകൻ പി ആർ ശ്രീജേഷിന്‌ നേരത്തെ നിയമനം നൽകുകയും ഒരു തസ്‌തികയിലേക്കുള്ള നിയമനം ഹൈക്കോടതിയിൽ കേസ്‌ നിലനിൽക്കുന്നതിനാൽ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 

ഓരോ വർഷത്തെയും പട്ടിക പ്രത്യേകമാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്‌. വ്യക്തിഗത ഇനങ്ങളിൽ നിന്നുള്ള 25 പേർക്കും ടീമിനങ്ങളിൽനിന്നുള്ള 25 പേർക്കുമാണ്‌ ഓരോ വർഷവും ജോലി നൽകുക. ചിലർ ഒന്നിലേറെ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഏതു ലിസ്‌റ്റിലാണോ ആദ്യം ഉൾപ്പെട്ടത്‌ എന്ന മുൻഗണനയിലാകും അവർക്ക്‌  നിയമനം നൽകുക. 
 
അന്താരാഷ്‌ട്ര, ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ മികവ് കാട്ടിയവരിൽ നിന്നാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അന്തർ സർവകലാശാല മത്സരങ്ങളിലെ മൂന്നാം സ്ഥാനമായിരുന്നു ഏറ്റവും കുറഞ്ഞ യോഗ്യത.  റാങ്ക്‌ലിസ്‌റ്റിൽ ഉൾപ്പെട്ട കായികതാരങ്ങൾക്ക്‌ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള സ്ഥാനം നിശ്‌ചയിക്കും. സ്‌പോട്‌സിൽ തുടരേണ്ടവരെ സൂപ്പർ ന്യൂമററിയായി സൃഷ്‌ടിക്കുന്ന തസ്‌തികകളിൽ നിയമിക്കും. കായികരംഗത്തുനിന്ന്‌ വിരമിക്കുകയോ 35 വയസ്സ്‌ തികയുകയോ ചെയ്‌തവരെ ഇതിൽ ഏതാണോ ആദ്യം എന്ന മുറയ്‌ക്ക്‌ റഗുലർ തസ്‌തികകളിൽ നിയമിക്കും.

ഏഷ്യൻ ഗെയിംസ്‌, ഒളിമ്പിക്‌സ്‌ എന്നിവയിൽ ഉൾപ്പെടാത്ത കായിക ഇനങ്ങളിൽനിന്നുള്ളവർക്ക്‌ ഒരു വർഷം ഒരു തസ്‌തിക എന്ന കണക്കിൽ അനുവദിച്ചിട്ടുണ്ട്‌. ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക്‌ വർഷം രണ്ടു തസ്‌തികയും മാറ്റിവെച്ചിരിക്കുന്നു. 


 

 

click me!