ഫത്തായും ഹമാസും അനുരഞ്ജനത്തില്‍: ഗാസയില്‍ സമാധാനം

By Vipin PanappuzhaFirst Published Oct 12, 2017, 9:01 PM IST
Highlights

കെയ്റോ: ഒരു പതിറ്റാണ്ട് നീണ്ട അഭിപ്രായസംഘർഷങ്ങൾ അവസാനിപ്പിച്ച്  പലസ്തീൻ സംഘടനകളായ  ഫത്തായും ഹമാസും അനുരഞ്ജനക്കരാറിൽ ഒപ്പുവച്ചു. ഈജിപ്തിന്‍റെ മധ്യസ്ഥതയിൽ കെയ്റോയിൽ നടന്ന ചർച്ചയിലാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്. പലസ്തീനിലെ ഭരണകക്ഷിയായ ഫത്തായും ഹമാസും  തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് 2007ലാണ് ഗാസയുടെ ഭരണം ഹമാസ് പിടിച്ചെടുത്തത്. 

ഇസ്രായേലുമായുള്ള സംഘർഷങ്ങളിൽ അശാന്തമായിരുന്ന ഗാസ മുനമ്പില്‍ അതോടെ സമാധാനം വിദൂര സ്വപ്നമായി. ആഭ്യന്തര സംഘർഷവും ചാവേർ സ്ഫോടനങ്ങളും ആക്രമണങ്ങളും പതിവായി.  ഇസ്രായേലിനെതിരെ സായുധ പോരാട്ടം നടത്തുന്ന വിമോചക സംഘടനയായ ഹമാസിന്‍റെ നിലപാടുകൾ സമവായത്തിന് എന്നും തടസ്സമായിരുന്നു. 

ഹമാസ് ഫത്താ തർക്കം പരിഹരിക്കാൻ ഈജിപ്തിന്റെ മധ്യസ്ഥതയിൽ 2011ൽ കെയ്റോയിൽ വച്ചുണ്ടാക്കിയ കരാറോടെയാണ് അനുരഞ്ജനത്തിലേക്ക് വഴി തെളിഞ്ഞത്. തുടർച്ചയായ സമവായ ചർച്ചകൾക്ക് ശേഷം പലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ല കഴിഞ്ഞവർഷം ഗാസ സന്ദര്‍ശിച്ചിരുന്നു.   പലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് രൂപീകരിച്ച ഗാസ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പിരിച്ചുവിടാനും തുടർന്ന് ധാരണയായി. 

കഴിഞ്ഞ വർഷം നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഗാസയിൽ ഹമാസ് വിജയിക്കുകയും ചെയ്തു. ഒടുവിൽ കെയ്റോയിൽ നടക്കുന്ന ചർച്ചയിൽ ആശയ, ആയുധ സംഘർഷങ്ങളവസാനിപ്പിച്ച് പലസ്തീൻ  ഐക്യസർക്കാർ എന്ന ലക്ഷ്യത്തിനായി യോജിക്കാൻ ഇരുകക്ഷികളും തീരുമാനിക്കുകയായിരുന്നു. 
 

click me!