
കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗകേസിലെ പ്രതിയായ നിഖിൽ സി തളിയിലിന്‍റെ രാഷ്ട്രീയ ബന്ധങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചില്‍ നിഖില്‍ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതു കൂടാതെ പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താനും നിഖിലും സംഘവും ശ്രമിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ തെളിഞ്ഞു.
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ നിഖില്‍ കേസില്‍ അറസ്റ്റിലായതോടെ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന തരത്തില്‍ പ്രചരണങ്ങള്‍ ശക്തമായിരുന്നു. ഇവയുടെ മുനയൊടിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന ദൃശ്യങ്ങള്‍. കേസില്‍ നിഖിലിനെ കൂടാതെ മറ്റൊരു സിപിഎം പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലുണ്ട് എന്നും സൂചനയുണ്ട്. ഇയാളുടെ സഹായത്തോടെയാണ് നിഖില്‍ പൊലീസിനെ ഭീഷണപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സൂചന.
കേസില്‍ നേരത്തെ അറസ്റ്റിലായവരെ കൂടാതെ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴുപേരുടെ അറസ്റ്റ് കൂടി ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. നിഖിലിനെ കൂടാതെ ആന്തൂർ സ്വദേശി എം മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.
കേസില്‍ അഞ്ച് പേരെയാണ് നേരത്തേ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. ആകെ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂര്‍ സ്വദേശികളായ കെ വി സന്ദീപ്, സി പി ഷംസുദ്ദീന്‍, വി സി ഷബീര്‍, കെ വി അയൂബ് എന്നിവരെയും കൂട്ടബലാല്‍സംഗം നടത്തുന്നതിന് കൂട്ട് നിന്ന കുറ്റത്തിന് ലോഡ്ജുടമ കെ പവിത്രനെയും ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ സംഘം വീഡിയോയില്‍ പകര്‍ത്തിയതായി പൊലീസ് പറയുന്നു. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വീണ്ടും പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
സഹോദരന്‍ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ കാര്യങ്ങള്‍ തിരക്കുകയും പെണ്‍കുട്ടിയുമായി വനിതാ സെല്ലില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ച പൊലീസുകാരാണ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam