പാറ്റൂരിലെ വിവാദ ഭൂമി വീണ്ടും അളക്കണമെന്ന് റവന്യൂവകുപ്പ്

By Web DeskFirst Published Nov 2, 2017, 5:39 PM IST
Highlights

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമി  വീണ്ടും അളക്കണമെന്ന് റവന്യൂവകുപ്പ്. ലോകായുക്തയിലാണ് ഇക്കാര്യമുന്നറിയിച്ച് റവന്യൂ അഡീഷണല്‍ സെക്രട്ടറി അപേക്ഷ നല്‍കിയത്. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ കമ്പനി ഫ്‌ളാറ്റ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം. രണ്ടു പ്രാവശ്യം അളന്ന ഭൂമിയാണ് വീണ്ടുമളക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്തയില്‍ കേസില്‍ വന്നപ്പോള്‍ ഭൂമി അളക്കാന്‍ നിര്‍ദ്ദേശം നല്‍കി. ലോകായുക്ത നിയോഗിച്ച ജേക്കബ് തോമസും അഭിഭാഷക കമ്മീഷനും ഭൂമി അളന്നു. സര്‍വ്വേ ഉദ്യോഗസ്ഥരുടെ സഹായത്തോടയാണ് രണ്ടു സംഘവും ഭൂമി അളന്നത്. 30 സെന്റ് സര്‍ക്കാര്‍ ഭൂമി കമ്പനി കൈവശപ്പെടുത്തിയെന്നായിരുന്ന ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. 

16 സെന്റ് പുറമ്പോക്ക് ഭൂമി കമ്പനി കൈയേറിയെന്ന് അഭിഭാഷകമ്മീഷനും റിപ്പോര്‍ട്ട് നല്‍കി. രേഖകള്‍ പരിശോധിച്ച് കമ്പനിയുടെ കൈവശമുള്ള 12 സെന്റ് പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുത്ത ഉത്തരവിടുകയും ചെയ്തു. ഈ ഭൂമി ജില്ലാ കളക്ടര്‍ തിരിച്ചുപിടിച്ച വേലികെട്ടി തിരിച്ചിട്ടുണ്ട്. 

കേസിലെ  ഹര്‍ജിക്കാരന്റെ വിസ്താരമെല്ലാം പൂര്‍ത്തിയായ ശേഷമാണ് സര്‍ക്കാര്‍ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുമ്പ് നടത്തിയിട്ടുള്ള അളവുകള്‍ സര്‍വ്വേ മാനദണ്ഡങ്ങള്‍ പ്രകാരമല്ലെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറി നല്‍കിയ അപേക്ഷയില്‍ പറയുന്നു.വീണ്ടും ഭൂമി അളക്കമെന്ന ആവശ്യത്തെ ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനി എതിര്‍ത്തു. ഇതേ തുടര്‍ന്ന് അപേക്ഷ എതിര്‍ കക്ഷികളുടെ വിശദമായ വാദം കേള്‍ക്കനായി ഈ മാസം 9ന് മാറ്റി. 


 

click me!