തമ്മിലടി മൂക്കുന്നോ? പി ജെ ജോസഫിന്‍റെ പ്രാർഥനായജ്ഞത്തിൽ പി സി ജോർജും, പിളരില്ലെന്ന് ജോസ് കെ മാണി

By Web TeamFirst Published Jan 30, 2019, 3:18 PM IST
Highlights

പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാർഥനായജ്ഞത്തിൽ ജനപക്ഷം നേതാവ് പി സി ജോർജും. കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് തമ്മിലടിച്ച് പോയ പി സി, പി ജെ ജോസഫിന്‍റെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നിലെന്തെന്ന ചർച്ചകളും സജീവമാകുന്നു.

തിരുവനന്തപുരം: കേരളാ കോൺഗ്രസ് എമ്മിന് ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയ പാർട്ടി ചെയർമാൻ പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാർഥനായജ്ഞത്തിൽ പി സി ജോർജും. പാർട്ടിയിൽ നിന്ന് തമ്മിലടിച്ച്, കെ എം മാണിക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തി പുറത്തുപോയ പി സി ജോർജ്, ജോസഫിന്‍റെ പ്രാർഥനായജ്ഞത്തിനെത്തിയതോടെ, പാർട്ടിയിൽ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പിൽ ഉൾപ്പെട്ട തോമസ് ഉണ്ണിയാടൻ, എൻ ജയരാജ് എന്നിവരും വേദിയിലുണ്ട്.

പാർട്ടി എംപിയായ ജോസ് കെ മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ഇന്ന് ഗാന്ധി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ജോസഫ് പ്രാർഥനായജ്ഞം നടത്തുന്നത്. പാർട്ടിയ്ക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് യജ്ഞം. 

കേരളാ കോൺഗ്രസിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് ഇന്നലെ തുറന്നടിച്ചിരുന്നു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രണ്ടില പിളരുമോ എന്ന ചർച്ചകളും രാഷ്ട്രീയവൃത്തങ്ങളിൽ സജീവമായിരുന്നു. 

ജോസ് കെ മാണിയുടെ കേരളയാത്ര പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെയാണെന്ന് ജോസഫ് പറഞ്ഞ‌തും ശ്രദ്ധേയമായി. ഫ്രാൻസിസ് കെ ജോർജിന്‍റെ ജനാധിപത്യ കേരളാ കോൺഗ്രസ് അടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോർക്കുമോ എന്ന ചോദ്യത്തിന് നോക്കാമെന്നായിരുന്നു മറുപടി. 

click me!