മഞ്ചേരി/കായംകുളം: ദേശീയപണിമുടക്കിനോട് അനുബന്ധിച്ച് മലപ്പുറം മഞ്ചേരിയിലും കായംകുളത്തും കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ പണിമുടക്ക് അനുകൂലികൾ ശ്രമിച്ചു. മഞ്ചേരിയിൽ ആദ്യം അടച്ച കടകൾ പിന്നീട് വീണ്ടും തുറന്നപ്പോൾ അടപ്പിക്കാൻ പ്രതിഷേധക്കാർ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഇപ്പോൾ കനത്ത പൊലീസ് കാവലിലാണ് കടകൾ തുറന്ന് വച്ചിരിക്കുന്നത്. 

രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാർക്കറ്റിലെ നാലോ അഞ്ചോ കടകൾ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികൾ എത്തി. എണ്ണത്തിൽ കുറവായിരുന്നതിനാൽ വ്യാപാരികൾ കടകളടക്കാൻ നിർബന്ധിതരായി. എന്നാൽ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികൾ സംഘടിച്ച് കടകൾ തുറന്നു. 

ഇതോടെ വീണ്ടും പണിമുടക്ക് അനുകൂലികൾ സ്ഥലത്തെത്തി കടകൾ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വ്യാപാരികളും സമരക്കാരും പരസ്പരം നേർക്കു നേർ നിന്ന് മുദ്രാവാക്യം വിളിയായി. സ്ഥിതി സംഘർഷത്തിലേക്ക് വഴി മാറിയതോടെ പൊലീസ് ഒരു മതിൽ പോലെ നിന്നാണ് ഇരു കൂട്ടരെയും മാറ്റിയത്. 

ഇപ്പോൾ കനത്ത പൊലീസ് കാവലിലാണ് മഞ്ചേരി മാർക്കറ്റിൽ കടകൾ തുറന്ന് പ്രവർത്തിയ്ക്കുന്നത്. സ്ഥലത്ത് പൊലീസ് സുരക്ഷ കൂട്ടിയതോടെ സംഘർഷസാധ്യത ഒഴിവായി. 

കായംകുളത്തും സമാനമായ രീതിയിലാണ് കടകൾ അടപ്പിക്കാൻ ശ്രമം നടന്നത്. കായംകുളം നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ കടകൾ അടപ്പിക്കാൻ എത്തിയ പണിമുടക്ക് അനുകൂലികൾ ഒരു വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. 

എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് കനത്ത പൊലീസ് കാവലിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ മറ്റ് വ്യാപാരകേന്ദ്രങ്ങളായ മേലേപാളയത്തും വലിയങ്ങാടിയിലും പൊലീസ് സുരക്ഷയുണ്ട്.

Read More: മിഠായിത്തെരുവിൽ കടകൾ തുറന്നു; കോഴിക്കോട് വ്യാപാരകേന്ദ്രങ്ങളിൽ കനത്ത പൊലീസ് സുരക്ഷ