
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഡിവൈഎസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായാണ് റോഡ് ഉപരോധിക്കുന്നത്.
സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവശേഷം ഹരികുമാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികൾ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയിൽ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്. ഇന്ന് പ്രദേശത്ത് ജനകീയ സമരസമിതി ഹർത്താലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. ഇലക്ട്രീഷ്യനായിരുന്നു സനൽ. ഭാര്യയും രണ്ടു മക്കളുമുണ്ട്.
സനലിന്‍റെ മരണത്തോടെ ഭാര്യയും രണ്ട് കൊച്ചുകുഞ്ഞുങ്ങളുമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ഇല്ലാതായത്. സനലിന്‍റെ വീട്ടിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി തയ്യാറാക്കിയ വീഡിയോ റിപ്പോർട്ട് ഇവിടെ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam