ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഓരോരുത്തരെയും ബോംബിട്ട് കൊല്ലണം; ഉത്തര്‍പ്രദേശ് ബിജെപി എം എൽ എ

By Web TeamFirst Published Jan 4, 2019, 1:06 PM IST
Highlights

ഒരു മന്ത്രി സ്ഥാനം എനിക്കു തരൂ. ഇങ്ങനെ പറയുന്നവരെ ഞാൻ ഇല്ലാതാക്കിത്തരാം. ഒറ്റ എണ്ണത്തിനെയും ബാക്കിവെക്കാതെ എല്ലാവരെയും ഇല്ലാതാക്കണമെന്നും വിക്രം സെയ്‌നി പറഞ്ഞു.
 

ലക്നൗ: ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് തോന്നുന്ന ഓരോരുത്തരെയും ബോംബിട്ട് കൊല്ലണമെന്ന വിവാദ പ്രസ്ഥാവനയുമായി ബിജെപി എം എൽ എ. ഖറ്റൗലി മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ വിക്രം സെയ്‌നിയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിരിക്കുന്നത്. ബുലന്ദ്ഷഹർ കലാപവുമായി ബന്ധപ്പെട്ട് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു വിക്രമിന്റെ പരാമർശം.

ഇന്ത്യയിൽ ജിവിക്കുന്നത് സുരക്ഷിതത്തോടെയല്ലെന്നും ഇവിടെ ജീവിക്കാൻ ഭയമുണ്ടെന്നും പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മന്ത്രി സ്ഥാനം എനിക്കു തരൂ. ഇങ്ങനെ പറയുന്നവരെ ഞാൻ ഇല്ലാതാക്കിത്തരാം. ഒറ്റ എണ്ണത്തിനെയും ബാക്കിവെക്കാതെ എല്ലാവരെയും ഇല്ലാതാക്കണമെന്നും വിക്രം സെയ്‌നി പറഞ്ഞു.

ബുലന്ദ്ഷഹർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ജീവിക്കാന്‍ ഭയം തോന്നുന്നുവെന്നും ഇവിടെയാണ് തന്റെ കുട്ടികള്‍ വളര്‍ന്നു വരുന്നതെന്നോര്‍ക്കുമ്പോള്‍ പേടിയുണ്ടെന്നും രാജ്യത്ത് ഒരു പൊലീസുദ്യോഗസ്ഥന്റെ കൊലപാതകത്തേക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണെന്നുമായിരുന്നു നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നത്. ഈ പരാമർശത്തെ തുടർന്ന് നസറുദ്ദീന്‍ ഷാക്കെതിരെ ഹിന്ദുത്വ സംഘടനകള്‍  രംഗത്തെത്തി. ഇതേ തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കാനിരുന്ന അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലെ പരിപാടി സംഘാടകര്‍ റദ്ദാക്കിയിരുന്നു.

Vikram Saini, BJP MLA from Muzaffarnagar says 'My personal view is that those who say they feel unsafe and threatened in India should be bombed, give me a ministry and I will bomb all such people, not even one will be spared' pic.twitter.com/E9yWNH7MBF

— ANI UP (@ANINewsUP)

നസറുദ്ദീന്‍ ഷാക്കെതിരെ നടന്‍ അനുപം ഖേറും വിമർശനമുന്നയിച്ചിരുന്നു. രാജ്യത്ത് ഇപ്പോൾ സ്വാതന്ത്ര്യം നല്ലത് പോലെ ഉണ്ട്. നിങ്ങള്‍ക്ക് സൈന്യത്തെ ചീത്ത വിളിക്കാനും, വ്യോമസേനാ തലവനെ മോശം പറയാനും, സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങള്‍ക്ക് വേണ്ടത് ? എന്നായിരുന്നു അനുപം ഖേര്‍ ചോദിച്ചത്. 
 

click me!