സ്വകാര്യ വിവര സംരക്ഷണം; ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍

By Web TeamFirst Published Jul 28, 2018, 8:00 AM IST
Highlights

വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ 15 കോടി രൂപ പിഴ ചുമത്തണം എന്നതടക്കമുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. 

ദില്ലി: വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശുപാര്‍ശകൾ അടങ്ങിയ വിശദ റിപ്പോര്‍ട്ട്,  ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതി  കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ 15 കോടി രൂപ പിഴ ചുമത്തണം എന്നതടക്കമുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. 

വിവര സംരക്ഷണത്തിനായി ആധാര്‍ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനും സമിതി ശുപാര്‍ശ ചെയ്തു. ആധാറിലെ അടക്കമുള്ള വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇതേകുറിച്ച് പഠിക്കാൻ ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പിഴയടക്കമുള്ള നടപടികൾ വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു. 

അഞ്ച് കോടി രൂപയെങ്കിലും ചുരുങ്ങിയ പിഴ ഈടാക്കണം. അതല്ലെങ്കിൽ കമ്പനിയുടെ അന്താരാഷ്ട്ര മതിപ്പ് കണക്കാക്കി രണ്ട് ശതമാനം തുക ഈടാക്കണം. കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് ദുരുപയോഗം ചെയ്യുന്നതെങ്കിൽ 15 കോടി രൂപ വരെയോ, കമ്പനിയുടെ മതിപ്പ് കണക്കാക്കി അതിന്‍റെ നാല് ശതമാനം തുകയോ ഈടാക്കണം. ഏതാണോ വലിയ തുക അതാണ് നൽകേണ്ടത്. സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ വിവര സംരക്ഷണ അതോറിറ്റിയെയും പ്രത്യേക ഉദ്യോഗസ്ഥരെയും നിയമിക്കണം. 

പൊതുസ്വകാര്യ കമ്പനികൾ ശേഖരിക്കുന്ന പാസ് വേഡുകൾ, സാമ്പത്തിക- ആരോഗ്യ വിവരങ്ങൾ, ജാതി, മത വിവരങ്ങൾ, ലൈംഗികത തുടങ്ങിയവയെല്ലാം വിവര സംരക്ഷണത്തിനായി കൊണ്ടുവരുന്ന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തണം. അനാവശ്യമായ ആധാര്‍ വിവരങ്ങൾ ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി വേണം, ഇത് നിരീക്ഷിക്കാനുള്ള സംവിധാനവും വേണം. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും വിവര സംരക്ഷണത്തിനുള്ള നിയമഭേദഗതി കൊണ്ടുവരിക എന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 

click me!