ആചാരലംഘനം: ശങ്കർദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Nov 14, 2018, 6:36 AM IST
Highlights

ശങ്കർദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി നൽകിയത്. 

 

കൊച്ചി: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയിൽ ഇരുമുടികെട്ടില്ലാതെ കയറിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടന്‍റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി നൽകിയത്. ശങ്കർദാസിന്‍റെ പ്രവൃത്തി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദു റിലീജ്യസ് ആക്ട് 31ാം വകുപ്പിന്‍റെയും ലംഘനമാണിത്. ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കമുള്ളവരും സമാന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്ന സമയത്തായിരുന്നു മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ കെപി ശങ്കരദാസ് 18-ാം പടി കയറിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സംഭവം വിവാദമായിരുന്നു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ശങ്കരദാസിന്‍റെ വീഡിയോയും പുറത്തുവന്നത്. എന്നാല്‍ താന്‍ ആചാരലംഘനം നടത്തിയില്ലെന്നും ചടങ്ങുകളുടെ ഭാഗമായി ക്ഷണപ്രകാരമാണ് പതിനെട്ടാം പടി കയറിയതെന്നും ശങ്കരദാസ് പ്രതികരിച്ചിരുന്നു.

ശബരിമലക്ക് പോകുന്ന വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തിയ നടപടി സഞ്ചാരസ്വാതന്ത്ര്യത്തിന് ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞദിവസം സമാനമായ ഹർജി പരിഗണിച്ചപ്പോൾ ഇത് പോലീസിന്‍റെ സ്വാഭാവിക നടപടിയാണെന്നും പാസ് ഏർപ്പെടുത്തുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിന്‍റെ ലംഘനം അല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി പേർ സമർപ്പിച്ച ജാമ്യ ഹർജികളും ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.

click me!