
മനില: വീണ്ടും വിവാദ പ്രസ്താവനയുമായി ഫിലിപ്പീന്‍സ് രാഷ്ട്രതലവന്‍ റോഡ്രിഗോ ഡ്യൂട്ടാര്‍ട്ടേ. ഇത്തവണ ബലാത്സംഗത്തെ ന്യായീകരിക്കുന്ന രീതിയിലാണ് കിഴക്കന്‍ ഏഷ്യയിലെ രാഷ്ട്രതലവന്‍റെ വിവാദ പരാമര്‍ശം. ഡ്യുട്ടാര്‍ട്ടേയുടെ ജന്മനഗരമായ ഡാവോയില്‍ ബലാത്സംഗ കേസുകള്‍ കൂടുന്ന വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഫിലിപ്പീന്‍സ് നേതാവിന്റെ പ്രതികരണം.
ബലാത്സംഗ കാര്യത്തില്‍ ആലങ്കാരികമായി ചില ചോദ്യങ്ങളും ഡ്യുട്ടാര്‍ട്ടേ ചോദിച്ചു.''ആരെങ്കിലും തങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ അപേക്ഷിക്കുമോ? സ്ത്രീകള്‍ സുന്ദരികളാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും, ഇങ്ങിനെ ചെയ്യാന്‍ സ്ത്രീകള്‍ സമ്മതിച്ചു തരുമോ? ആദ്യശ്രമത്തില്‍ തന്നെ ലൈംഗികതയ്ക്ക് സമ്മതിച്ച് കൊടുക്കാത്തപ്പോഴാണ് അത് ബലാത്സംഗമായി മാറുന്നത് '' എന്ന് രാഷ്ട്രതലവന്‍ പറയുന്നു. ഒരിക്കല്‍ ഡ്യുട്ടാര്‍ട്ടേ തന്നെ മേയറായി ഭരണം നടത്തിയ നഗരമാണ് ഡാവോ.
മേയറായിരുന്ന കാലത്തും ഇദ്ദേഹം ബലാത്സംഗത്തെ നിസാരവത്കരിച്ച് പുലിവാല്‍ പിടിച്ചിരുന്നു. ഡ്യൂട്ടാര്‍ട്ടേ ഡാവോയിലെ മേയറായിരിക്കുന്ന 1989 ലാണ് ജയില്‍ കലാപത്തില്‍ ഓസ്‌ട്രേലിയന്‍ മിഷണറിയായ ജാക്വിലിന്‍ ഹാമിലിനെ തടവുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഇതിനോട് ഡ്യൂട്ടാര്‍ട്ടേയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു
''എത്ര മോശം, അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതില്‍ എനിക്ക് ദേഷ്യമുണ്ട്. പക്ഷേ അത്ര സുന്ദരിയെ ആദ്യം ശാരീരികമായി ഉപയോഗിക്കേണ്ടിയിരുന്നത് മേയറായിരുന്നു.'' ഡ്യുട്ടാര്‍ട്ടേയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ അംബാസഡര്‍ അമാന്‍ഡാ ഗോറലി ബലാത്സംഗവും കൊലപാതകവും ഒരിക്കലും തമാശയായി എടുക്കരുതെന്ന് ട്വിറ്റര്‍ പോസ്റ്റ് ഇട്ടപ്പോള്‍ ഇത് രാഷ്ട്രീയമാണെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മാറി നില്‍ക്കാനുമായിരുന്നു ഡ്യുട്ടാര്‍ട്ടേയുടെ പ്രതികരണം.
2017 ല്‍ ഡ്യൂട്ടാര്‍ട്ടേയുടെ ഒരു വൃത്തികെട്ട കമന്റ് ഇങ്ങിനെയായിരുന്നു.'' ബലാത്സംഗം കുട്ടികളോട് ചെയ്യുന്നത് എനിക്കിഷ്ടമല്ല. പക്ഷേ മിസ് യൂണിവേഴ്‌സ് ആണെങ്കില്‍ ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല. മരണം ഉറപ്പായ സമയത്തും ഒരാള്‍ ബലാത്സം ചെയ്യാന്‍ ധൈര്യം കാട്ടിയാല്‍ ഞാന്‍ അഭിനന്ദിക്കും. ''
2016 ല്‍ അധികാരത്തില്‍ എത്തിയ കാലം മുതല്‍ ഡ്യുട്ടാര്‍ട്ടേ വിവാദപരാമര്‍ശത്താല്‍ എന്നും വിവാദം സൃഷ്ടിക്കാറുണ്ട്. ജോലി ചെയ്യുന്ന മേഖലയില്‍ ഒരു സൈനികന് മൂന്ന് സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യുന്നതിന് ശിക്ഷ കിട്ടില്ലെന്ന് ഡ്യുട്ടാര്‍ട്ടേ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam