പൊലീസിനെ ചിലർ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 1, 2018, 7:02 PM IST
Highlights

ചില ശക്തികൾ പൊലീസിനെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനലുകളുടെ മുഖമായി എത്തുന്ന ചിലർ കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ്. 

 

തിരുവനന്തപുരം: ചില ശക്തികൾ പൊലീസിനെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമിനലുകളുടെ മുഖമായി എത്തുന്ന ചിലർ കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അതേസമയം, ഒരു ഉദ്യോഗസ്ഥനെതിരായ ആക്രമണത്തെ പൊലീസ് സേനക്കെതിരായ ആക്രമണമായാണ് സർക്കാർ കാണുന്നത്. വനിതാ പൊലീസ് ബെറ്റാലിയന്‍റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്രിമിനലുകളോട് വിട്ടുവീഴ്ച ചെയ്താല്‍ പൊലീസ് പൊലീസല്ലാതായി മാറും. ക്രിമിനലുകളെ തടസ്സപ്പെടുത്തുന്ന പൊലീസുകാരെ ചിലർ വ്യക്തിഹത്യ ചെയ്യുകയാണ്. എന്നാൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്.
 നിയമാനുസരണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളാ പൊലീസിന്‍റേത് മാനവികതയുടെ മുഖമായി മാറുകയാണ്. വികസന പദ്ധതികളിൽ സർക്കാരിന് സ്ത്രീപക്ഷ സമീപനമാണ് ഉള്ളത്.

പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ 15 ശതമാനവും ഭാവിയിൽ 25 ശതമാനവും വനിതാ പ്രാതിനിധ്യം സേനയിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

click me!