
തിരുവനന്തപുരം: ശബരിമലയ്ക്ക് ശേഷം ശിവഗിരിയെ തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ആരാധനാലയങ്ങളെ തകർക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന എസ് ജെ ഡി - ആർ എൽ എസ്പി ലയന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി കെ കൃഷ്ണദാസ്.
ശബരിമലയെ തകർത്തതിന് ശേഷം സർക്കാർ ശിവഗിരിയെ തകർക്കും. പിന്നീട് മറ്റു ക്ഷേത്രങ്ങൾ, മുസ്ലീം ആരാധനാലയങ്ങൾ, അതിനുശേഷം ക്രൈസ്തവ ആരാധനാലയങ്ങൾ എന്ന ക്രമത്തിൽ തകർക്കാനാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. ചൈനയിലും റഷ്യയിലും ആരാധനാലയങ്ങളെ തകർത്ത് മതവിശ്വാസം ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ടയാണ് പിണറായി സർക്കാർ ശബരിമലയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുവിന്‍റേയും മുസൽമാന്‍റെയും ക്രിസ്ത്യാനിയുടേയും ആരാധനാലയങ്ങൾ തകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് ദൈവകോപം കിട്ടുമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. 50 ശതമാനം പള്ളികളിൽ സ്ത്രീകൾ ഇമാം ആകണമെന്നും പള്ളികളിൽ ഏതെല്ലാം ബിഷപ്പുമാർ കുർബാന നടത്തണമെന്നും പിണറായി വിജയന് പറയാനാകുമോ എന്നും പി കെ കൃഷ്ണദാസ് ചോദിച്ചു. ഇതിനൊന്നും ഒരു സർക്കാരിനും ഒരു കോടതിക്കും അധികാരമില്ല. ഈ ശ്രമത്തെ മതവിശ്വാസികൾ ഒന്നിച്ചുനിന്ന് പരാജയപ്പെടുത്തണമെന്നും പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam