
ദില്ലി: എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ പിന്‍വലിക്കേണ്ടതില്ലെന്ന് സുപ്രിം കോടിതി. വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നോവൽ നിരോധിക്കാനാകില്ലെന്ന് നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. അത് ഉറപ്പിച്ചാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്. എഴുത്തുകാരന്‍റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല, സൃഷ്ടിയുടെ ഏതെങ്കിലും ഒരു ഭാഗത്തെ എടുത്തല്ല അതിനെ വിലയിരുത്തേണ്ടത്. പുസ്തകത്തിന്‍റെ മുഴുവന്‍ ആശയമാണ് പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
മീശയില്‍ വിശ്വാസത്തെയും സ്ത്രീകളെയും അപമാനിക്കുന്ന തരത്തില്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ നോവല്‍ പിന്‍വലിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് നോവലിസ്റ്റ് എസ് ഹരീഷിന് പിന്തുണയുമായി എത്തുകയും നോവല്‍ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുകയായിരുന്നു.
സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നോവിലിസ്റ്റ് എസ് ഹരീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തങ്ങളെപ്പോലുള്ള എല്ലാ എഴുത്തുകാര്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ് വിധിയെന്നും എസ് ഹരീഷ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam