
ചെന്നൈ: ഏഴുവര്‍ഷത്തെ പ്രയത്നം കൊണ്ട് പൂര്‍ത്തിയായ പുതിയ കൃതിയുടെ വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഹൃദയം തകര്‍ന്ന് ഒരു എഴുത്തുകാരന്‍. ഓജോ ബോര്‍ഡ് എന്ന് നോവലിലൂടെ ഏറെ ശ്രദ്ധേയനായ അഖില്‍ പി ധര്‍മജന്റെ പുതിയ നോവലായ മെര്‍ക്കുറി ഐലന്‍ഡാണ് പിഡിഎഫ് രൂപത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ടെലഗ്രാം, വാട്ട്സ് ആപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകളിലൂടെയാണ് നോവല്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അഖിലിന്റെ പുതിയ നോവല്‍ ജൂഡ് ആന്റണി ജോസഫ് പ്രകാശനം ചെയ്തത്.
ആദ്യ എഡിഷന്‍ പോലും വിറ്റു കഴിയുന്നതിന് മുന്‍പാണ് മെര്‍ക്കുറി ഐലന്‍ഡിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ദയവായി അത് ഷെയറ് ചെയ്ത് എന്നെ കൊല്ലരുതെന്ന് അഖില്‍ പി ധര്‍മജന്‍ പറയുന്നു. പിഡിഎഫ് കിട്ടിയാലും ബുക്ക് വാങ്ങണമെന്ന് അഖില്‍ പി ധര്‍മജന്‍ ഫേസ്ബുക്ക് ലൈവില്‍ ആവശ്യപ്പെട്ടു. നിരവധി പേര്‍ പിഡിഎഫ് ഇപ്പോളും ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഏഴു വര്‍ഷത്തെ പ്രയ്തമാണ് വ്യാജപതിപ്പ് ഷെയര്‍ ചെയ്യുമ്പോള്‍ നഷ്ടമാകുന്നതെന്നും അഖില്‍ പറയുന്നു. ആരെയും ഉപദ്രവിച്ചു കൊണ്ട് എഴുത്തില്‍ താന്‍ ഒന്നും നേടിയിട്ടില്ലെന്നും അഖില്‍ പറയുന്നു. ഒരുപാട് കമ്പനികള്‍ കഥ നിരസിക്കുകയും പിന്നീട് പ്രസിദ്ധീകരിക്കാനമെന്ന് പറഞ്ഞെത്തിയ കമ്പനി പറ്റിക്കുകയും ചെയ്ത ശേഷമാണ് കടം വാങ്ങിയുെ പലിശയ്ക്ക് പണം കടമെടുത്തും നോവല്‍ പ്രസിദ്ധീകരിച്ചത്.
കടയില്‍ വയ്ക്കാന്‍ വന്‍തുക കമ്മീഷന്‍ നല്‍കാന്‍ ഇല്ലാത്തതിനാല്‍ തോളില്‍ ചുമന്ന് നടന്നാണ് നോവലുകള്‍ വിറ്റത്. വായിച്ച ശേഷം പലരും അഭിനന്ദിച്ചപ്പോള്‍ സന്തോഷം തോന്നിയിരുന്നു. കഷ്ടപ്പാടുകള്‍ക്ക് ഫലമുണ്ടായല്ലോയെന്ന് തോന്നിയിരുന്നു. അതെല്ലാമാണ് ഇപ്പോള്‍ തകര്‍ന്നത്. പങ്കു വയ്ക്കുന്നവരില്‍ പരിചയമുള്ള നമ്പറുകളുമുണ്ട്. അവര്‍ക്ക് എന്റെ ജീവനെ എങ്ങനെ പങ്കുവക്കാന്‍ തോന്നുന്നുവെന്ന് അഖില്‍ ചോദിക്കുന്നു.
ലഭിച്ച വിവരങ്ങൾ അനുസരിച്ച് രണ്ടായിരത്തിലേറെ വാട്ട്സ്ആപ്പ് നമ്പറുകൾ മെർക്കുറിയും ഓജോ ബോർഡും ഷെയർ ചെയ്തിട്ടുണ്ടെന്ന് അഖില്‍ വിശദമാക്കുന്നു.വ്യാജപതിപ്പ് പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അഖില്‍ പറഞ്ഞു. തിങ്കളാഴ്ച പരാതി നേരിട്ട് സമര്‍പ്പിക്കുമെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. നോവല്‍ വില്‍പനയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ എത്തിയപ്പോഴാണ് നോവലിന്റെ വ്യാജപതിപ്പ് പിഡിഎഫആയി പ്രചരിക്കുന്ന വിവരം അഖില്‍ മനസിലാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam