
കണ്ണൂര്‍: അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ മമ്പറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി കണ്ണൂരിൽ ഒരച്ഛനും അമ്മയും. സഹപാഠികള്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന് അധ്യാപിക അപമാനിച്ചതാണ് മകൻ സനാഥിന്‍റെ മരണത്തിന് കാരണമായതെന്ന് ഇവര്‍ ആരോപിക്കുന്നു. സെൽഫിയിൽ ഉൾപ്പെട്ടതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ അധ്യാപകർ നോക്കിനിൽക്കെ സനാഥിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ബാലാവകാശ കമ്മിഷനും ഡിജിപിക്കും മാതാപിതാക്കൾ പരാതി നൽകി.
ധൈര്യശാലിയായ മകന്‍ ജീവിതമവസാനിപ്പിച്ചത് എന്തിനെന്ന് ഈ അമ്മയ്ക്കറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. ഏറെ സ്നേഹിച്ച വിദ്യാലയത്തില്‍ നിന്ന് അവന് കടുത്ത അപമാനം നേരിട്ടിരുന്നുവെന്ന്. അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയതിനാൽ ദിവസങ്ങളോളം സനാഥിന് ക്ലാസിൽ കയറാനായിരുന്നില്ല. ഇക്കാര്യങ്ങളൊന്നും സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിരുന്നതുമില്ല.
മാത്രവുമല്ല, സെൽഫിയിൽ ഉൾപ്പെട്ടതിന് അധ്യാപിക വിളിച്ചുവരുത്തിയതനുസരിച്ച് സ്കൂളിലെത്തിയ പെൺകുട്ടിയുടെ രക്ഷിതാക്കൾ തങ്ങൾക്ക് മുന്നിൽവെച്ച് സനാഥിനെ പിടിച്ചുതള്ളിയതായി പ്രിൻസിപ്പാൾ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. സെല്‍ഫി ഉള്‍പ്പെടുന്ന ഫോണ്‍ പൊലീസ് സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.
സംഭവത്തിൽ വിശദീകരണം ആരാഞ്ഞുള്ള ഞങ്ങളുടെ വിളികൾക്കും കൃത്യമായ മറുപടി ലഭിച്ചില്ല. കുട്ടികളുടെ മനോനില തകർത്ത് അച്ചടക്കം പഠിപ്പിക്കുന്ന ക്രൂരമായ അധ്യാപനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തങ്ങളുടെ മകനെന്ന് ഇവർ പറയുന്നു. മകന്‍റെ മരണത്തിലെ ദുരൂഹത നീങ്ങാന്‍ ഇനി നീതീപീഠമെങ്കിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam