നിർമ്മാണ ചെലവ് 97 കോടി രൂപ; രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് എക്‌സ്‍പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

By Web TeamFirst Published Feb 15, 2019, 3:47 PM IST
Highlights

റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്.

ദില്ലി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്‍പ്രസ് (ട്രെയിന്‍ 18) പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. പുൽവാമയിലെ ഭീകരാക്രമണത്തിൽ നിരവധി സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ചുരുക്കിയാണ് ഉദ്ഘാടനം നടത്തിയത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലും മറ്റ് റെയിൽവെ ബോർഡ് ജീവനക്കാരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ദില്ലി റെയിൽവേയിൽ നിന്നായിരുന്നു വന്ദേഭാരത് എക്‌സ്‍പ്രസിന്റെ കന്നിയോട്ടം.

ദില്ലി-വാരണാസി റൂട്ടിലാകും വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ആദ്യ ദിനത്തിൽ ഒമ്പത് മണിക്കൂറും 45 മിനിറ്റുമെടുത്തായിരിക്കും വാരണാസിയിൽ എത്തുന്നത്. റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയില്‍ 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമാകും പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവ്വീസ് നടത്തുക.

മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ്  ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്‌സ്‍പ്രസ്  എന്നാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഈ ട്രെയിന്‍ വികസിപ്പിച്ചെടുത്തത്.

കഴിഞ്ഞ ആഴ്ച വന്ദേഭാരത് എക്‌സ്‍പ്രസിൽ സഞ്ചരിക്കാൻ വേണ്ടുന്ന യാത്രാനിരക്കുകൾ ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടിരുന്നു. ദില്ലിയിൽ നിന്നും വാരണസിയിലേക്ക് ചെയർ കാറിൽ സഞ്ചരിക്കാൻ 1,850 രൂപയാണ് യാത്രാ നിരക്ക്. ഇതേ റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 3,520 രൂപ ടിക്കറ്റിന് മുടക്കേണ്ടിവരും. കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഉൾപ്പടെയാണ് ഈ നിരക്കെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. മടക്ക യാത്രയ്ക്ക് ചെയർകാറിന്  1,795 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 3,470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ദില്ലി - വാരണാസി റൂട്ടില്‍ സഞ്ചരിക്കുന്നവര്‍ക്ക് പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമായി 399 രൂപ ഈടാക്കും. ചെയര്‍കാറില്‍ സഞ്ചരിക്കുന്നവരില്‍ നിന്ന് 344 രൂപയാവും ഈടാക്കുക.


വന്ദേഭാരത് എക്‌സ്‍പ്രസ് ട്രെയിനിന്റെ  പ്രത്യേകതകൾ

1. ശീതീകരിച്ച 16 ചെയര്‍കാറുകളാണ് വന്ദേഭാരത് എക്‌സ്‍പ്രസിൽ ഉള്ളത്.

2. എന്‍ജിനില്ലാത്ത തീവണ്ടിയില്‍ മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകൾ. 

3. 16 കോച്ചുകളില്‍ രണ്ട് കോച്ചുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസായിരിക്കും.

4. എക്‌സിക്യൂട്ടീവ് കോച്ചില്‍ 56 പേര്‍ക്കും മറ്റ് കോച്ചുകളില്‍ 78 പേര്‍ക്കും യാത്രചെയ്യാനാകും.

5. പൂര്‍ണമായും ഓട്ടോമാറ്റിക് ആയതാണ്  വാതിലുകള്‍. 

6. ജിപിഎസ് സംവിധാനം, വൈ ഫൈ, ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യങ്ങൾ

7.മോഡുലാര്‍ ശൗചാലയങ്ങളാകും ട്രെയിനിലുണ്ടാകുക. ഭിന്നശേഷി സൗഹൃദവുമായിരിക്കും.

19. തിരിയുന്ന കസേരകളും മനോഹരമായ എല്‍ഇഡി ലൈറ്റുകൾ 

click me!