'വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് വായിക്കണം'; ശബരിമല ആചാര സംരക്ഷണത്തെ അനുകൂലിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Jan 1, 2019, 7:29 PM IST
Highlights

ശബരിമല യുവതീ പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ചാണ് മോദിയുടെ പരാമര്‍ശം. 

ദില്ലി: ശബരിമല യുവതീ പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ചാണ് മോദിയുടെ പരാമര്‍ശം. ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടുള്ളതാണെന്നും  വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച് വായിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖും ശബരിമല വിഷയവും രണ്ടാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്. ഇത് മത വിഷയത്തിലുള്ള ഇടപെടൽ അല്ല.  സുപ്രീം കോടതി വിധിക്കു ശേഷമാണ് ഓർഡിനൻസ് ഇറക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി പുറത്തു വന്ന ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.

ഇന്ദു മല്‍ഹോത്രയുടെ വിധിയില്‍ ചര്‍ച്ചയാകാം. അവിടെയാണ് സംവാദങ്ങള്‍ ഉയരേണ്ടത്. ആചാര സംരക്ഷണത്തിനൊപ്പമാണ് താനെന്നും മുത്തലാഖ് വിഷയത്തെ കുറിച്ച് പറയവെ പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം രാഷ്ട്രങ്ങള്‍ പോലും മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുത്തലാഖിനെതിരായ നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ പ്രശ്നത്തില്‍ സുപ്രിംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം അംഗീകരിക്കില്ലെന്നും മോദി വ്യക്തമാക്കി. സുപ്രിംകോടതി വിധിക്ക് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് വ്യക്തമാക്കുമ്പോഴും വിധിക്ക് ശേഷം ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.

Read More:- സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ലെന്ന് മോദി

കേരളത്തില്‍ ബിജെപിയും ആര്‍എസ്എസും ആചാര സംരക്ഷണത്തിനായി നിലപാടെടുത്തപ്പോഴും ദേശീയ തലത്തില്‍ സുബ്രഹ്മണ്യ സ്വാമിയടക്കമുള്ള നേതാക്കള്‍ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു എടുത്തത്. ഇത് സംബന്ധിച്ച് സുപ്രിംകോടതിയുടെ വിധിക്കെതിരല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ശബരിമലയില്‍ യുവതികളെ തടയുന്നതടക്കമുള്ള നടപടിലേക്ക് ബിജെപി കടക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച സമര പരിപാടികളുമായി ബിജെപി കേരള ഘടകം മുന്നോട്ട് പോകുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം.

click me!