
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം ചെന്നൈ മറീനാ ബീച്ചിൽ നടക്കും. സി.എൻ.അണ്ണാദുരൈ സമാധിയോട് ചേർന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സർക്കാർ അംഗീകരിച്ചതായാണ് സൂചന. കരുണാനിധിയുടെ സംസ്കാരം മറീനാ ബീച്ചിൽ തന്നെ വേണമെന്നാവശ്യപ്പെട്ട് കാവേരി ആശുപത്രിയ്ക്ക് മുന്നിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധം നടത്തുന്നുണ്ട്.
കാവേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ ഭൗതിക ശരീരം 9 മണിയോടെ ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. അവിടെ വരെ ഒരു മണി വരെ വച്ച ശേഷം പുലർച്ചെ മൂന്ന് മണി വരെ സി.ഐ.ടി കോളനിയിലെ കനിമൊഴിയുടെ വീട്ടിലും മൃതദേഹം ദർശനത്തിന് വയ്ക്കും. അവിടെ നിന്നും പുലർച്ചെയോടെ രാജാജി നഗറിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടു പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.
കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തും . കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പാര്‍ട്ടി പാതക താഴ്ത്തികെട്ടി. മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക ആര്‍ടിസി തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയോടെ തന്നെ അശുഭകരമായ വാർത്ത മുന്നിൽ കണ്ടുള്ള നീക്കങ്ങൾ ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായും തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി ചർച്ചകൾ നടത്തിയിരുന്നു. വൈകിട്ടോടെ മുഴുവൻ പോലീസുദ്യോഗസ്ഥരും യൂണിഫോമിൽ ഡ്യൂട്ടിയ്ക്ക് ആചാരവാണ് എന്ന ചീഫ് സെക്രട്ടറിയുടെ നിർദേശവും പുറത്തു വന്നു.
വൈകുന്നേരം നാലരയ്ക്ക് പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ തന്നെ കാര്യങ്ങൾ പ്രതീക്ഷയറ്റ നിലയിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതിനു ശേഷം സ്റ്റാലിന്റെ ഭാര്യയടക്കമുളള കരുണാനിധിയുടെ ബന്ധുകൾ കരഞ്ഞു കൊണ്ട് ആശുപത്രിയിൽ നിന്നും മടങ്ങുന്നതും കണ്ട്. വൈകാതെ 6.40 ഓടെ കരുണാധിനിയുടെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള കാവേരി ഹോസ്പിറ്റലിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി.
കരുണാനിധിയുടെ പ്രധാനഅവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമാണെന്നും കഴിഞ്ഞ മണിക്കൂറുകളില്‍ ആരോഗ്യനിലയില്‍ കാര്യമായ തകരാറുണ്ടായെന്നും നാലരയ്ക്ക് വന്ന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. പ്രായാധിക്യം കാരണം മരുന്നുകള്‍ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നുംറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരുണാനിധിയുടെ കാര്യത്തില്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഇന്നലെ വൈകിട്ട് പുറത്തു വന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. ആ സമയപരിധി തീരും മുൻപായാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തു വരുന്നത്.
കരുണാനിധിയുടെ മരണത്തെ തുടർന്ന് തമിഴ്നാട്ടിലെങ്ങും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ചെന്നൈ നഗരത്തിൽ നിന്നുള്ള ബസ് സർവീസകൾ പലതും നിർത്തി വച്ചു. കടകളും മറ്റു വ്യാപരസ്ഥാപനങ്ങളും അടഞ്ഞു കിടയ്ക്കുകയാണ്. എല്ലാ മദ്യവില്‍പനശാലകളും വൈകിട്ട് ആറ് മണിയ്ക്ക് തന്നെ അടച്ചു. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും യൂണിഫോമിൽ ജോലിയിൽ പ്രവേശിക്കണമെന്ന് ഡിജിപി വൈകിട്ടോടെ ഉത്തരവിട്ടിരുന്നു. കേരള സര്ർക്കാരിനെ പ്രതിനിധീകരിച്ച് ആരാണ് ചെന്നൈയിലേക്ക് പോകുന്നതെന്ന് വ്യക്തമല്ല. അതേസമയം എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി കരുണാനിധിക്ക് ആദാരഞ്ജലികൾ അർപ്പിക്കാനായി നാളെ ചെന്നൈയിലെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam