പൊതു തെരഞ്ഞെടുപ്പ് കഴിയും വരെ മോദി വിദേശത്തേക്ക് ഇല്ല

By Web TeamFirst Published Dec 26, 2018, 3:35 PM IST
Highlights

ഇതുവരെ മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2,021 കോടി രൂപയാണ്. അധികാരമേറ്റെടുത്ത് ആദ്യം നടത്തിയ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. ഈ യാത്ര മുതല്‍ ആകെ 48 വിദേശയാത്രകളാണ് മോദി നടത്തിയത്

ദില്ലി: രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതല്‍  നരേന്ദ്ര മോദി ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് വിദേശയാത്രകളുടെ പേരിലായിരുന്നു. വര്‍ഷാ വര്‍ഷം വിദേശയാത്രകളുടെ എണ്ണം കൂടിയപ്പോള്‍ വിമര്‍ശനങ്ങളുടെ മൂര്‍ച്ഛയും കൂടി. അധികാരത്തില്‍ കയറി നാലര വര്‍ഷം കഴിയുമ്പോള്‍ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെ ആകെ 92 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. എന്നാല്‍ 2019 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കഴിയും വരെ വിദേശയാത്രകള്‍ വേണ്ടന്ന പുതിയ തീരുമാനത്തിലാണെന്നാണ് മോദിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതു വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളിലും വിദേശയാത്ര ചാര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആഗോള തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കേടുക്കേണ്ട വലിയ പരിപാടികളൊന്നും ഈ മാസങ്ങളില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. പൊതു തെരഞ്ഞെടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മോദി വിദേശയാത്രകള്‍ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക് സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍ എന്ന് വിലയിരുത്തപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ബിജെപി പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിന് വലിയ ആവേശമായിട്ടുണ്ട്. വിശാല പ്രതിപക്ഷം എന്ന ആശയത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ അണിനിരക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശയാത്ര ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് മോദിക്ക് തോന്നിയിട്ടുണ്ടാകാം എന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മോദി നാട്ടിലുണ്ടാകണം എന്ന പക്ഷക്കാരാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറിയപങ്കും.

മോദിയുടെ വിദേശയാത്രയുടെ വിവരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രി നേരത്തെ  പുറത്തുവിട്ടിരുന്നു. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വി.കെ സിംഗ് അന്ന് കണക്കുകള്‍ വെളിപ്പെടുത്തിയത്. 

ഇതുവരെ മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2,021 കോടി രൂപയാണ്. അധികാരമേറ്റെടുത്ത് ആദ്യം നടത്തിയ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. ഈ യാത്ര മുതല്‍ ആകെ 48 വിദേശയാത്രകളാണ് മോദി നടത്തിയത്. ഇതിനായി വിമാനങ്ങള്‍ക്ക് നല്‍കിയ കൂലി, വിമാനങ്ങളുടെ പരിപാലനച്ചെലവ്, ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവ്- എന്നിങ്ങനെ തരം തിരിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

അധികാരത്തില്‍ കയറി നാലര വര്‍ഷം കഴിയുമ്പോള്‍ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെ ആകെ 92 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ചില രാജ്യങ്ങള്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യവര്‍ഷങ്ങളെ അപേക്ഷിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് യാത്രാച്ചെലവ് വര്‍ധിച്ചിട്ടുള്ളത്.

കണക്കുകള്‍ ഇങ്ങനെ

2014ല്‍ വിമാനത്തിന് നല്‍കിയ കൂലിയും പരിപാലനച്ചെലവും മാത്രം കൂട്ടി 314 കോടിയിലധികം രൂപ ചെലവായി. 2015ല്‍ ഇത് 338 കോടി കടന്നു. 2016ല്‍ വീണ്ടും ഉയര്‍ന്ന് 452.95 കോടിയായി. 2017ല്‍ ആയപ്പോള്‍ 441. 09 കോടി. ഈ വര്‍ഷം ഇതുവരെയുള്ള ചെലവ് 465. 89 കോടിയാണ്. ഹോട്ട്‌ലൈന്‍ സംവിധാനത്തിനായി 2014-15-16 വര്‍ഷങ്ങളില്‍ 9.12 കോടി രൂപ ചെലവായി. ബാക്കി വര്‍ഷങ്ങളിലെ ബില്ല് ലഭ്യമായിട്ടില്ല.

click me!