നിങ്ങൾ എന്തിനാണ് വെറുതെ ഞങ്ങൾക്ക് തലവേദനയുണ്ടാക്കുന്നു ? പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ‘വിളി’ വന്നെന്ന് വരുണ്‍ ഗാന്ധി

By Web TeamFirst Published Oct 24, 2018, 1:01 PM IST
Highlights

വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൂട്ടി നൽകുന്നത് അവരുടെ കഠിനാദ്ധ്വാനവും ജോലിയിൽ അവർ നൽകുന്ന അർപ്പണബോധവും അനുസരിച്ചാണ്. എന്നാൽ എന്ത് ചെയ്തിട്ടാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏഴ് തവണ എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ചത്  വരുൺ ഗാന്ധി ചോദിച്ചു.

ദില്ലി: എം പിമാരുടെ ശമ്പള വർദ്ധനവിനെതിരെ ചോദ്യം ചോദിച്ചതിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തനിക്ക് നിരന്തരം വിളി വരുന്നുവെന്ന് ബിജെപി എംപി വരുൺ ഗാന്ധി. നിങ്ങൾ എന്തിനാണ് വെറുതെ ഞങ്ങൾക്ക് തലവേദനയുണ്ടാക്കാൻ പ്രശ്നങ്ങൾ വഷളാക്കുന്നതെന്ന് ചോദിച്ചാണ് ഫോൺ വിളികൾ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീവാനിയിലെ മോഡല്‍ വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വരുൺ ഗാന്ധി.

എംപിമാരുടെ സ്വത്തുവിവരങ്ങൾ നൽകാതെയാണ് അവർക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെ ഞാൻ നിരവധി തവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൂട്ടി നൽകുന്നത് അവരുടെ കഠിനാദ്ധ്വാനവും ജോലിയിൽ അവർ നൽകുന്ന അർപ്പണബോധവും അനുസരിച്ചാണ്. എന്നാൽ എന്ത് ചെയ്തിട്ടാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏഴ് തവണ എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ചത്  വരുൺ ഗാന്ധി ചോദിച്ചു.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളെ വിലയിരുത്തിയ അദ്ദേഹം ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ചത് യു.പിയിലെ സ്‌കൂളുകൾക്കെതിരെയായിരുന്നു. ഉത്തർപ്രദേശിലെ സ്കൂളുകളിൽ പഠനം ഒഴികെ മറ്റെല്ലാ പ്രവർത്തനങ്ങളും മുറപോലെ നടക്കുന്നുണ്ട്. കല്യാണം തുടങ്ങി അടിയന്തര ചടങ്ങുകൾ വരെ നടത്തുന്നത് സ്കൂളിൽ വെച്ചാണ്. ഒപ്പം ശവസംസ്കാര ചടങ്ങുകളും. കുട്ടികളുടെ ക്രിക്കറ്റ് കളിയും നേതാക്കളുടെ പ്രസംഗവും നടക്കുന്നതും സ്‌കൂളുകളിലാണ്’ വരുണ്‍ ഗാന്ധി പറഞ്ഞു.

ഓരോ വർഷവും സർക്കാർ മൂന്ന് കോടി രൂപയാണ് വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കുന്നതെന്നും എന്നാൽ ഇതിൽ 89 ശതമാനവും ബില്‍ഡിങ്ങുകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇത്തരം പ്രവണതകളെ ഒരിക്കലും വിദ്യാഭ്യാസമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും വരുൺ പറഞ്ഞു. സർക്കാരിൽ നിന്ന് ആവശ്യമായ ധനഹായം ലഭിക്കാത്തതുകൊണ്ട് നാല്‍പത് ശതമാനം കര്‍ഷകരും ഭൂമി കരാറിനെടുക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ കര്‍ഷകരുടെ ചെലവ് മൂന്നു മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് കാരണം  17,000 കര്‍ഷകരാണ് വിദര്‍ഭയില്‍ മാത്രം ആത്മഹത്യ ചെയ്തതെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
 

click me!