സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ അന്വേഷണം അട്ടിമറിക്കാന്‍: പ്രശാന്ത് ഭൂഷണ്‍

By Web TeamFirst Published Oct 24, 2018, 11:46 AM IST
Highlights

റഫാൽ ഇടപാടിൽ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകനും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ.
 

ദില്ലി: റഫാൽ ഇടപാടിൽ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയതെന്ന് സന്നദ്ധ പ്രവര്‍ത്തകനും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ.  ഡയറക്ടറുടെ ചുമതല നല്‍കിയ നാഗേശ്വർ റാവുവിനെതിരെയും ആരോപണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

റഫാൽ ഇടപാടിൽ പ്രതിരോധ മന്ത്രാലയത്തോട് അലോക് വർമ്മ രേഖകൾ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. അസ്താനയ്ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന അജയ് ബസിയെ പോർട്ട‌് ബ്ളയറിലേക്ക‌് മാറ്റിയിരിക്കുകയാണ്. കേസുകള്‍ അട്ടിമറിക്കുകയാണ് അലോക് വര്‍മ്മയുടെ ചുമതല നീക്കിയതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടിയുണ്ടായിരുന്നു. 

അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍. നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല.  സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.

click me!