
മലപ്പുറം: സ്കൂൾ സമയമാറ്റ വിഷയത്തിൽ ഇനി ചർച്ചക്ക് പ്രസക്തി ഇല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്നും സലാം ചോദിച്ചു. അതേസമയം ചർച്ചയിൽ പങ്കെടുക്കാനും ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും ആണ് സമസ്തയുടെ തീരുമാനം. വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത് തന്നെ ചർച്ചയിൽ തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമായതായി പി എം എ സലാം പറഞ്ഞു.
ചർച്ചയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചില പ്രധാന നിർദ്ദേശങ്ങൾ ചർച്ചയിൽ പങ്കെടുക്കുന്ന സമസ്ത നേതാക്കൾ സർക്കാർ മുമ്പാകെ അവതരിപ്പിക്കും. ഇപ്പോൾ നിർദ്ദേശിച്ച 9.45ന് സ്കൂൾ തുടങ്ങുന്നത് പിൻവലിക്കണം. പകരം വൈകിട്ട് അരമണിക്കൂർ നീട്ടി നാലര വരെ ആക്കാം. നേരത്തെ വിദഗ്ധസമിതി നിർദേശിച്ചത് പോലെ ഓണം ക്രിസ്മസ് അവധിക്കാലങ്ങളിലും നിന്ന് പ്രവർത്തി ദിനങ്ങൾ കണ്ടെത്തുക. പ്രവർത്തന ദിനങ്ങൾ കൂട്ടാൻ മറ്റ് സംസ്ഥാനങ്ങൾ അവലംബിച്ച മാർഗങ്ങൾ സ്വീകരിക്കുക. ഇതര സംസ്ഥാനങ്ങളുടെ അധ്യയന കലണ്ടർ കൂടി പരിശോധിച്ചു ഇവിടെ ക്രമീകരണം നടത്തണമെന്നനും സമസ്ത ആവശ്യപ്പെടും. സർക്കാർ ഒത്തുതീർപ്പിന് വഴങ്ങിയില്ല എങ്കിൽ സമരം എന്ന് തന്നെയാണ് തീരുമാനം.
വയനാട് പുനരധിവാസത്തില്‍ മുസ്ലീം ലീഗ് ചെയ്തതെല്ലാം സദുദ്ദേശത്തോടെയാണെന്നും പി എം എ സലാം പറഞ്ഞു. വീടുകള്‍ നിര്‍മ്മിക്കാൻ ഏറ്റവും അനുയോജ്യമായ ഭൂമി അഞ്ച് ഉടമസ്ഥരിൽ നിന്നാണ് വാങ്ങിയത്. വീടുകള്‍ സമയ ബന്ധിതമായി നിര്‍മ്മിച്ചു നല്‍കിയാല്‍ മുസ്ലീം ലീഗിന് രാഷ്ട്രീയ നേട്ടമുണ്ടാവുമെന്ന് ഭയക്കുന്നവരാണ് തടയാനും വിവാദമുണ്ടാക്കാനും ശ്രമിക്കുന്നത്. അതിനെ നേരിടുമെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുസ്ലീം ലീഗ് വിമര്‍ശനമുന്നയിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാതെ നീട്ടിക്കൊണ്ടു പോയി രഹസ്യമായി സി.പി.എമ്മിന് നൽകുന്നു. വോട്ടർ പട്ടിക ചോർത്തിയതാരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തണം. ഉണ്ടായത് ഗുരുതരമായ വീഴ്ച്ചയാണെന്നും നിയമപരമായി നേരിടുന്നത് യു.ഡി.എഫ് പരിഗണനയിലുണ്ടെന്നും പി എം എ സലാം മലപ്പുറത്ത് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam