വൈദികന്‍റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

By Web TeamFirst Published Dec 13, 2018, 1:11 PM IST
Highlights

തിരുവനന്തപുരത്തെ വൈദികന്‍റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.  ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് സഭ.

തിരുവനന്തപുരം: വട്ടിയൂർകാവ് വെറ്റിക്കോണത്തെ വൈദികന്‍റെ മരണത്തിലെ ദുരൂഹത നീങ്ങിയില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകുയെന്ന് പൊലീസ് അറിയിച്ചു.

വെറ്റിക്കോണം വിമല ഹൃദയമാതാ മലങ്കര സുറിയാനി കാതോലിക്ക ദേവലായത്തിലെ  വൈദികന്‍ ആല്‍ബിന്‍ വര്‍ഗീസ് തേലവപ്പുറത്തിനെയാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയോട് ചേര്‍ന്നുള്ള മലങ്കര ഭവന്‍റെ രണ്ടാം നിലയിലെ മുറിയിലെ  ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനപാകടത്തില്‍ പരിക്കേറ്റ് പീരപ്പന്‍കോട് ചികിത്സയിലായിരുന്ന ഫാദര്‍ ആല്‍ബിന്‍ ഇന്നലെയാണ് മടങ്ങിയെത്തിയത്. ഫോണ്‍ വിളികള്‍ക്ക് മറുപടി കിട്ടതായതോടെ സ്ഥലത്തെത്തിയ സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം സംബന്ധിച്ച് സഭക്കും വിശ്വാസികള്‍ക്കും വ്യക്തതയില്ല.

വട്ടിയൂര്‍ക്കാവ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. നാളെ സ്വദേശമായ കൊട്ടാരക്കരയിലായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

click me!