കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പൊലീസ്

By Web TeamFirst Published Dec 4, 2018, 3:36 PM IST
Highlights

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊല്ലം ഈസ്റ്റ് പൊലീസ് പക്ഷേ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം മുന്നോട്ട് കൊണ്ട് പോയിട്ടില്ല. 

കൊല്ലം: കൊല്ലം ഫാത്തിമമാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഇഴയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. രാഖി കൃഷ്ണയെ  അധ്യാപകര്‍ പരസ്യമായി അവഹേളിച്ചതിന് തെളിവില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ ക്ലാസില്‍ നിന്ന് പുറത്താക്കിയത്.അധ്യാപകരുടെ ഭാഗത്ത് നിന്ന് പരസ്യ അവഹേളനം ഏറ്റുവാങ്ങിയ രാഖി കോളേജില്‍ നിന്ന് പുറത്തേക്കോടി, കൊല്ലം എ ആര്‍ ക്യാമ്പിന് മുന്നിലെത്തി ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊല്ലം ഈസ്റ്റ് പൊലീസ് പക്ഷേ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം മുന്നോട്ട് കൊണ്ട് പോയിട്ടില്ല. രാഖിയെ ക്ലാസിന് പുറത്ത് നിര്‍ത്തിയ ശേഷം വസ്ത്രത്തിന്‍റെ ഫോട്ടാ ഉള്‍പ്പടെ പകര്‍ത്തിയ അധ്യാപകരുടെയും ചില സഹപാഠികളുടെ മൊഴികള്‍ രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തത്.

സംഭവത്തില്‍ പരീക്ഷാ ഹാളിന്‍റെ ചുമതലയിലുണ്ടായിരുന്ന ആറ് അധ്യാപകരെ കോളേജ് മാനേജ്മെന്‍റ് ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലീസ് വിശദീകരണം. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഖിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും കാണുന്നുണ്ട്. പൊലീസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഫാത്തിമാ കോളേജ് മാനേജ്മെന്‍റും വ്യക്തമാക്കി.
 

click me!