മീന്‍ വില്‍പ്പനക്കാരന് മര്‍ദ്ദനമേറ്റ സംഭവം; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

By Web TeamFirst Published Dec 4, 2018, 2:30 PM IST
Highlights

മീൻ വാങ്ങിയ പണത്തിന്‍റെ കുടിശിക തീർത്തു തരണമെന്ന് ജോർജ്ജിന്‍റെ മകളെ വഴിയിൽ കണ്ടപ്പോൾ പറഞ്ഞതിനാണ് മർദ്ദിച്ചതെന്ന് മക്കാർ പറയുന്നു. 

ഇടുക്കി: മാങ്കുളത്ത് മീൻ വിൽപ്പനക്കാരന് അഞ്ചംഗ സംഘത്തിന്‍റെ മർദ്ദനമേറ്റ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൂന്നാർ പൊലീസാണ് മാങ്കുളം ഭാഗത്ത് തെരച്ചിൽ നടത്തുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി പത്താം മൈലിൽ നാട്ടുകാർ ഒരു മണിക്കൂർ ഹർത്താൽ നടത്തി.

അടിമാലി പത്താം മൈൽ സ്വദേശി മക്കാറിന് മർദ്ദനമേറ്റ സംഭവത്തിലാണ് പ്രതികൾക്കായ് പൊലീസിന്‍റെ അന്വേഷണം. മക്കാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുളളത്. ആനക്കുളം 96ൽ പുതുക്കയിൽ ജോർജ്ജ്, മകൻ അരുൺ, സുഹൃത്ത് എബി എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് പ്രതികൾ. 

ഇവർക്കെതിരെ സംഘം ചേർന്നുളള ആക്രമണം, മർദ്ദനം, ചീത്തവിളി തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പ്രതികൾക്കായ് മൂന്നാർ എസ്ഐയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മാങ്കുളം മേഖലയില്‍ അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. മർദ്ദനമേറ്റ മക്കാർ ഇപ്പോഴും കോതമംഗലം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

മീൻ വാങ്ങിയ പണത്തിന്‍റെ കുടിശിക തീർത്തു തരണമെന്ന് ജോർജ്ജിന്‍റെ മകളെ വഴിയിൽ കണ്ടപ്പോൾ പറഞ്ഞതിനാണ് മർദ്ദിച്ചതെന്ന് മക്കാർ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ മർദ്ദനത്തിനെതിരെ പോലീസിൽ പരാതിപ്പെടാത്തതിന് കാരണം മകളോട് മോശമായ് പെരുമാറിയതായ് കേസു കൊടുക്കുമെന്ന് ജോർജ്ജ് ഭീഷണിപ്പെടുത്തിയിരുന്നതിനാലാണെന്നും മക്കാർ പറഞ്ഞു. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ ഇടപെടലുണ്ടായത്. 

click me!