ദൂബൈയിലെ 6 മലയാളികളില്‍ നിന്ന് 12 കോടി തട്ടിയയാള്‍ വിമാനത്താവളത്തില്‍ പിടിയില്‍

By Web DeskFirst Published Jul 18, 2016, 1:38 AM IST
Highlights

ദുബൈ ടെലഫോണ്‍ കമ്പനിയായ ഇത്തിസാലാത്തിന്റെ ടെലഫോണ്‍ കാര്‍ഡുകള്‍ വാങ്ങിയായിരുന്നു തട്ടിപ്പ്. ഫിയാസിന്റെ സഹോദരീ ഭര്‍ത്താവ് പുതുപ്പാടി ഈങ്ങാപ്പുഴ വള്ളിക്കെട്ടുമ്മല്‍ ഷാനവാസ്, സഹോദരന്‍ ശരീഫ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കെതിരെ കണ്ണൂര്‍ ശ്രീകണ്ഠപുരം കൊച്ചുപുരക്കല്‍ ഷൈന്‍ മാത്യുവാണ് പരാതിപ്പെട്ടത്. ദുബൈയില്‍ ടെലഫോണ്‍ കാര്‍ഡിന്റെ ഹോള്‍ സെയില്‍ വ്യാപാരം നടത്തുന്ന ഷൈന്‍ മാത്യു ഉള്‍പ്പെടെയുള്ള ആറു പേരില്‍നിന്നും ടെലഫോണ്‍ കാര്‍ഡ് വാങ്ങി മറിച്ച് വില്‍പ്പന നടത്തിയ ശേഷം ഫായിസ് ഒഴികെയുള്ളവര്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു. ഷൈന്‍ മാത്യുവില്‍നിന്ന് പതിവായി കാര്‍ഡ് വാങ്ങിയിരുന്ന ഇവര്‍ കഴിഞ്ഞ മാര്‍ച്ച് പത്തിന് ദുബൈ ടെലഫോണ്‍ കമ്പനിയുടെ ഏജന്റുമാരായ മറ്റ് അഞ്ച് മലയാളികളില്‍ നിന്നും കാര്‍ഡ് വാങ്ങുകയായിരുന്നു. ഇവ വിലകുറച്ച് വിറ്റഴിച്ച ശേഷം 17ന് നാട്ടിലേക്ക് കടന്നു. 

ദുബൈ ടെലഫോണ്‍ കമ്പനിക്ക് കൃത്യ സമയത്ത് പണം നല്‍കാനാവാതിരുന്നതോടെ മൂന്നുപേര്‍ ദുബൈയില്‍ ജയിലിലായി. മറ്റുള്ളവര്‍ കിടപ്പാടം ഉള്‍പ്പെടെ വില്‍പ്പന നടത്തിയാണ് ടെലഫോണ്‍ കമ്പനിയുടെ ബാധ്യത തീര്‍ത്തത്. ഇതിനിടെ മാര്‍ച്ച് 3ന് താമരശ്ശേരിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെക്ക് ഒപ്പിട്ടു നല്‍കുകയും ചെയ്‌തെങ്കിലും പണം നല്‍കിയില്ല.  തുടര്‍ന്ന് ഷൈന്‍ മാത്യു താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടേമുക്കാല്‍ കോടിയാണ് ഷൈന്‍ മാത്യുവിന് ലഭിക്കാനുള്ളത്. ഷാനവാസ് വീണ്ടും വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി താമരശ്ശേരി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് പുറപ്പെട്ട ഫിയാസ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 

click me!