
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ ചില പൊലീസുകാർ മർദ്ദിച്ചത് പ്രത്യേക പ്രകോപനമില്ലാതെയെന്ന് സ്പെഷ്യൽ ബ്രാഞ്ച്. ഉന്നത പൊലീസുദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഇന്നലെ ചില പൊലീസുകാർ കെ എസ് യുക്കാരുടെ തലയ്ക്കടിച്ചത്. അക്രമം നടത്തിയ പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ നപടിയൊന്നുമുണ്ടായില്ല.
ശബരിമല വിഷയത്തിൽ നിരാഹാരം നടത്തുന്ന എംഎഎൽഎമാർക്ക് ഐക്യാദാർഢ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെ എസ് യുക്കാരെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ കെഎപി ക്യാമ്പിലെ പൊലീസുകാർ അടിച്ചത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് പൊലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്.
പെട്ടെന്നാണ് മൂന്നു പൊലീസുകാർ ലാത്തിയുമായി കെ എസ് യുക്കാര്‍ക്കെതിരെ കുതിച്ചത്. സ്ഥലത്തുണ്ടായിരുന്ന കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെയോ സിഐയുടെയോ എസ്ഐയുടെ നിർദ്ദേശമില്ലാതെയായിരുന്നു പൊലീസുകാരുടെ നീക്കമെന്നാണ് സ്പെഷ്യൽ ബ്രാഞ്ചുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഒരു പ്രവർത്തകന്‍റെ തല പൊലീസുകാരൻ അടിച്ചു പൊട്ടിച്ചു. മറ്റൊരു പൊലീസുകാരൻ പൊട്ടിയ തലയിൽ വീണ്ടുമടിച്ചു. വീക്ഷണത്തിന്‍റെ ഫോട്ടോഗ്രാഫർ ഉള്‍പ്പടെ നാലുപേർക്ക് പരിക്കേറ്റു. കന്റോണ്‍മെന്റ് എസ്ഐയാണ് അഴിഞ്ഞാടിയ പൊലീസുകാരെ പിടിച്ചുമാറ്റിയത്. കൃത്യവിലോപം നടത്തിയ പൊലീസുകാരുടെ വിവരങ്ങള്‍ കമ്മീഷണർ ശേഖരിച്ചിട്ടുണ്ട്.
സംഭവം പരിശോധിച്ചു വരികയാണ് എന്നാണ് കമ്മീഷണർ പി പ്രകാശ് പറയുന്നത്. തലക്കടിക്കരുതെന്നാണ് പൊലീസുകാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അതിനസരിച്ചുള്ള പരിശീലനമാണ് ഇപ്പോള്‍ നൽകുന്നതും. അതൊന്നും പാലിക്കാതെയുള്ള പൊലീസുകാരുടെ ഈ അക്രമം ഉന്നത ഉദ്യോഗസ്ഥരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. പൊലീസുകാർക്കെതിരെ നടപടിയുണ്ടായാൽ അത് സർക്കാരിനും പൊലീസിനുമെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്നതിനാൽ പൊലീസിന്‍റെ കൃത്യ വിലോപം ഉന്നതർ തന്നെ മറയ്ക്കാൻ ശ്രമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam