അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ വീട്ടിലെത്തിച്ചു തെളിവെടുത്തു

By Web DeskFirst Published Jun 27, 2016, 2:22 PM IST
Highlights

പ്രതിക്ക് നേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് അതിരാവിലെ തന്നെ പ്രതിയെ ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് ജിഷയുടെ വീട്ടിലെത്തിച്ചത്. ഈ സമയത്ത് അയല്‍ക്കാര്‍ അടക്കമുള്ള ഏതാനും പേര്‍ മാത്രമേ പരിസരത്തുണ്ടായിരുന്നുള്ളൂ. കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പിമാരായ സോജന്‍, കെ. സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. വീടിന് മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം പൊലീസ് സംഘം അമീറില്‍ നിന്ന് ഇവിടെ എത്തിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് സീല്‍ ചെയ്തിരുന്ന വീട് തുറന്ന് പ്രതിയെ വീടിനകത്തേക്ക് കൊണ്ടുപോയി. വീടിനുള്ളില്‍ പത്തു മിനിറ്റോളം തെളിവെടുത്ത ശേഷം പിന്‍വാതിലിലൂടെ പുറത്തിറക്കി വീടിന് സമീപത്തെ കനാല്‍ പരിസരത്തേക്കും കൊണ്ടുപോയി. 20 മിനിറ്റോളം വീടിന് സമീപത്ത് തെളിവെടുത്ത ശേഷം അമീറിനെ വീണ്ടും പൊലീസ് ജീപ്പില്‍ കയറ്റി.

വീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെ ഭക്ഷണം കഴിച്ച ഹോട്ടലും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. തുടര്‍ന്ന് ലോഡ്ജിന് മുന്നില്‍ കൊണ്ടുവന്നു. ഇവിടെ ജനം തടിച്ചുകൂടിയതിനാല്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയത്. ജനക്കൂട്ടത്തിന്റെ തിരക്ക് കാരണം ലോഡ്ജിന് മുന്നില്‍ ഒരു മിനിറ്റോളം നിന്ന ശേഷം അകത്ത് കയറാനാകാതെ പ്രതിയുമായി പൊലീസ് സംഘം ആലുവ പൊലീസ് ക്ലബ്ബിലേക്ക് മടങ്ങുകയായിരുന്നു. അമീറിന്റെ പൊലീസ് കസ്റ്റഡി മറ്റെന്നാള്‍ അവസാനിക്കുമെന്നതിനാല്‍ അതിനു മുന്പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

പൊലീസ് കസ്റ്റഡിയിലായത് മുതല്‍ പ്രതി അമീറുല്‍ ഇസ്ലാം നിരന്തരം മൊഴിമാറ്റിപ്പറയുകയാണ്. ആദ്യം കൊലപാതകം നടത്താന്‍ തനിക്കൊപ്പം നാലുപേരുണ്ടായിരുന്നെന്ന് പറഞ്ഞ അമീര്‍ പിന്നെ അത് രണ്ട് പേരാണെന്ന് പറഞ്ഞു. പിന്നീട് ഒരു ഘട്ടത്തില്‍ താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചു. ആസാം സ്വദേശിയായ രണ്ട് പേര്‍ക്കൊപ്പം കൊലപാതകത്തിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വീടിന് സമീപത്തെ മരച്ചുവട്ടിലേക്ക് എറിഞ്ഞുകളഞ്ഞെന്നും കൈയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി വീടിന് സമീപത്തെ കനാലില്‍ എറിഞ്ഞെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക സമയത്ത് ഇയാള്‍ ധരിച്ചിരുന്ന മഞ്ഞ ടീ ഷര്‍ട്ടും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

click me!