സ്വവര്‍ഗ്ഗാനുരാഗികളോട് അനുകൂല നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

By Web DeskFirst Published Jun 27, 2016, 1:48 PM IST
Highlights

വത്തിക്കാന്‍: ക്രൈസ്തവരും കത്തോലിക്കാ സഭയും സ്വവര്‍ഗ്ഗാനുരാഗികളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത്രയും കാലം സ്വീകരിച്ച തെറ്റായ നിലപാടിന്‍റെ പേരില്‍ അവരോട് മാപ്പു ചോദിയ്ക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള  വ്യതിയാനമായാണ് മാര്‍പ്പപാപ്പയുടെ ആഹ്വാനം വിലയിരുത്തപ്പെടുന്നത്.

സ്വവര്‍ഗ്ഗാനുരാഗികളോട് ഇത്രയും നാള്‍ കാണിച്ച വിവേചനത്തിന്‍റെ പേരില്‍ സഭ അവരോട് മാപ്പു ചോദിക്കണമെന്ന് ജര്‍മന്‍ കര്‍ദ്ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്സ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നിലപാട് തിരുത്തുന്നതായുള്ള സൂചന നല്‍കി  ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തിയത്. 

ഇത്തരക്കാരോട് കാട്ടിയ വിവേചനത്തിന്‍റെ പേരില്‍ സഭയും ക്രൈസ്തവരും മാപ്പു ചോദിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ക്ഷമ ചോദിക്കുക മാത്രം ചെയ്താല്‍ പോരെന്നും ഇത്തരക്കാരെ ബഹുമാനിക്കാനും കൂടെ കൂട്ടാനും സഭ തയ്യാറാകണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഇവര്‍ക്കൊപ്പം  സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിഭാഗത്തോടും സഭ അനുകൂല നിലപാട് സ്വീകരിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. അര്‍മേനിയയില്‍ നിന്നും റോമിലേക്കുള്ള യാത്രാമധ്യേ വിമന്തതില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം മനസ്സു തുറന്നത്. 

സ്വവര്‍ഗ്ഗരതി തെറ്റാണെന്നുള്ള കത്തോലിക്കാ സഭയുടെ  പ്രഖ്യാപിത നിലപാടായിരുന്നു ഇത്രയും കാലം ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സ്വീകരിച്ചിരുന്നത്.  ഇതില്‍ നിന്നുള്ള  നയംമാറ്റം സമ്മിശ്ര പ്രതികരണത്തിന് വഴി തെളിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗികള്‍ മാര്‍പ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയപ്പോള്‍ സഭയിലെ യാഥാസ്തിക മനോഭാവക്കാര്‍ പോപ്പിന്‍റെ നിലപാടിനെ തള്ളി.  സംഭവം വിദാമായതോടെ വിശദീകരണവുമായി വത്തിക്കാനും രംഗത്തെത്തിയിട്ടുണ്ട്. 

സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതരീതിയെയല്ല, ആരോഗ്യാവസ്ഥയെയാണ് പോപ്പ് പരാമര്‍ശിച്ചതെന്നാണ് വത്തിക്കാന്‍ നല്‍കുന്ന വിശദീകരണം. 
 

click me!