
മുംബൈ: മഹാരാഷ്ട്രയിൽ സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്തതിന് ജിഗ്നേഷ് മേവാനിയ്ക്കും ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഭീമ കോറിഗാവ് യുദ്ധത്തിന്‍റെ 200ാം വാര്‍ഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് ഗുജറാത്ത് എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയ്ക്കും ജെഎൻയു വിദ്യാര്‍ത്ഥി യൂനിയൻ നേതാവ് ഒമര്‍ ഖാലിദിനുമെതിരെ പൊലീസ് കേസെടുത്തത്. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇരുവരും പങ്കെടുക്കേണ്ടിയിരുന്ന മുംബൈ സര്‍വ്വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര ഭാരതി സംഘടിപ്പിക്കാനിരുന്ന പരിപാടി പൊലീസ് വിലക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയം വിഷയമായി സംഘടിപ്പിക്കാനിരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്‍റ് സമ്മിറ്റാണ് റദ്ദാക്കിയത്.
സംഘം ചേരുന്നത് തടഞ്ഞ് പൊലീസ് 149 പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. കലാപവുമായി ബന്ധപ്പെട്ട് 16 കേസുകൾ രജിസ്റ്റര്‍ ചെയ്തായി പൊലീസ് അറിയിച്ചു. 300ലധികം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താനെയിൽ നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി വരെ തുടരും.
മഹാരാഷ്ട്രയിലെ ദളിത്-മറാഠ കലാപം ഗുജറാത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഗുജറാത്തിലെ ബിജെപി ആസ്ഥാനത്തേക്ക് ദളിത് സംഘനകൾ മാര്‍ച്ച് നടത്തി. ഇന്നലത്തെ ബന്ദിനിടെ മഹാരാഷ്ട്രയിൽ വൻ കൊള്ളയും ആക്രമണവും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മഹാരാഷ്ട്ര കലാപത്തെക്കുറിച്ചുള്ള ഹ്രസ്വ ചര്‍ച്ചയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മറുപടി നൽകുമെന്ന് സഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam