Latest Videos

ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ പൊലീസ് പരിശോധന

By Web DeskFirst Published Sep 25, 2017, 11:10 PM IST
Highlights

കണ്ണൂര്‍: ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് നടന്ന കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ പൊലീസ് പരിശോധന നടത്തി. ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം ലോക്കറും ബാങ്ക് രേഖകളും പരിശോധിച്ചു.

രാവിലെ പത്ത് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സർക്കിൾ ഇൻസ്പെകടറും സംഘവും തട്ടിപ്പ് നടന്ന തളിപ്പറമ്പ് സഹകരണ ബാങ്കിൽ പരിശോധന നടത്തിയത്. ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധനയ്ക്കെത്തിയത്. കേസിൽ പ്രതികളായ ചീഫ് മാനേജർ ഇ. ചന്ദ്രൻ, അസി. മാനേജർ ടി.വി. രമ, അപ്രൈസർ ഷഡാനനൻ എന്നിവർ രേഖകളിൽ കൃത്രിമം കാണിച്ച് സ്വർണ്ണാഭരണങ്ങൾ മാറ്റിയതായി പൊലീസ് കണ്ടെത്തി.

ചീഫ് മാനേജരായ ചന്ദ്രന് താൽക്കാലിക ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. അതിനാൽ ബാങ്ക് ലോക്കർ കൈകാര്യം ചെയ്യുന്ന അസി. മാനേജർ ടി.വി. രമയും സ്വർണ്ണത്തിന്‍റെ മാറ്റ് നോക്കുന്ന അപ്രൈസർ ഷഡാനനനുമാണ് തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ. ബാങ്ക് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത അന്വേഷണസംഘം പോയ വർഷങ്ങളിലെ പണയ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചു.

75 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ജില്ലാ സഹകരണ ബാങ്കിന്‍റെ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ  ഇക്കാര്യം സ്ഥരീകരിക്കാൻ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്‍റെ സഹായം തേടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേസമയം, ഒളിവിൽ പോയ പ്രതികളെ പിടികൂടാനുള്ള നീക്കങ്ങളും പൊലീസ് ഊർജ്ജിതമാക്കി.
 

click me!