
ശബരിമല: സന്നിധാനത്ത് നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടാണ് അറസ്റ്റ് വേണ്ടി വന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പിരിഞ്ഞു പോകണമെന്ന് പലവട്ടം നാമജപ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു എന്ന് എസ്പി പ്രതീഷ് കുമാർ വ്യക്തമാക്കി. സാഹചര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വലിയ നടപ്പന്തലില്‍ രാത്രി വൈകിയും പ്രതിഷേധിച്ച എണ്‍പതോളം പേരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് പ്രതിഷേധക്കാർക്ക് എതിരല്ലെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള എസ്പി അറിയിച്ചു. അറസ്റ്റിലായവരെ കനത്ത പൊലീസ് സുരക്ഷയില്‍ തുടര്‍ന്ന് പമ്പയില്‍ എത്തിച്ചു. രാത്രി ഒന്നരയോടെ രണ്ട് പൊലീസ് ബസുകളിലായി ഇവരെ പമ്പയിൽ നിന്ന് കൊണ്ടുപോയി. ബസുകളുടെ മുമ്പിലും പുറകിലും പത്തോളം പൊലീസ് വാഹനങ്ങൾ അകമ്പടിയുണ്ടായിരുന്നു.
പൊലീസ് നടപടി അറിഞ്ഞതിനെത്തുടർന്ന് പത്തനംതിട്ടയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിലും പ്രതിഷേധക്കാർ സംഘടിച്ചു. മിനുട്ടുകൾ കഴിയും തോറും പൊലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലെ പ്രതിഷേധം ശക്തമായി വന്നു. അതുകൊണ്ട് അറസ്റ്റിലായ നാമജപ പ്രതിഷേധക്കാരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യം രൂപപ്പെട്ടു.
ആറൻമുള പത്തനംതിട്ട റാന്നി സ്റ്റേഷനുകളിലേക്കൊന്നും അറസ്റ്റിലായവരെ കൊണ്ടുപോകാനായില്ല. അധികം പ്രതിഷേധം ഉണ്ടാകാനിടയില്ലാത്ത വടശ്ശേരിക്കരയ്ക്ക് മുമ്പുള്ള ഏതെങ്കിലും സ്റ്റേഷനിലേക്ക് ഇവരെ എത്തിക്കുമെന്നായിരുന്നു ആദ്യ സൂചന. എന്നാൽ സുരക്ഷ കണക്കിലെടുത്ത് മണിയാർ എആർ ക്യാമ്പിലേക്ക് ഇവരെ എത്തിക്കുമെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam