പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; വിശ്വാസികളുടെ ആത്മഹത്യാ ഭീഷണി; ഒടുവില്‍ പൊലീസ് പിന്മാറി

By Web TeamFirst Published Dec 10, 2018, 4:20 PM IST
Highlights

വിശ്വാസികൾ  ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പിന്മാറുന്നതായി പൊലീസ് അറിയിച്ചു. പള്ളിയുടെ അകത്ത് കയറാൻ പൊലീസ് ശ്രമിച്ചാൽ തടയുമെന്ന് വിശ്വാസികൾ  മുന്നറിയിപ്പ് നല്‍കി.

കൊച്ചി: പളളിത്തർക്കം നിലനിൽക്കുന്ന പിറവത്ത് പൊലീസിനെതിരെ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികൾ പളളിക്കുളളിലാണ് സംഘടിച്ചിരിക്കുന്നത്. വിശ്വാസികൾ   ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പിന്മാറുന്നതായി പൊലീസ് അറിയിച്ചു. പള്ളിയുടെ അകത്ത് കയറാൻ പൊലീസ് ശ്രമിച്ചാൽ തടയുമെന്ന് വിശ്വാസികൾ  മുന്നറിയിപ്പ് നല്‍കി.

പളളിയുടെ അധികാരം സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്ത‍ഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ നാളെ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.  

യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തുമെന്നായിരുന്നു ഭീഷണി. പൊലീസിനെ അകത്തു കയറാന്‍ അനുവദിക്കില്ലെന്നാണ്  യാക്കോബായ വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

click me!