
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ കുരുക്ക് മുറുക്കി പോലീസ്. ചോദ്യം ചെയ്യലോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്താനായി ഇരയുടെയും സാക്ഷികളുടെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിക്കുകയാണ് അന്വേഷണ സംഘം. ബിഷപ്പിന് നോട്ടീസ് ലഭിച്ചില്ലെന്ന വാദം കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ തളളി കളഞ്ഞു.
അതേസമയം, കോടതിയുടെ നിർദേശാനുസരണം തുടർനടപടികളെടുക്കുമെന്ന നിലപാടിലാണ് ഡിജിപി ലോക്നാഥ് ബെഹ്‍റ.ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. മൊഴികളിലെ പൊരുത്തക്കേട് ഇപ്പോഴും തുടരുകയാണ്. ഇത് പരിഹരിക്കാനുള്ള ശ്രമം ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കർ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് കിട്ടിയില്ലെന്ന വാദം ശരിയല്ലെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ ഇക്കാര്യത്തിൽ ജലന്ധർ കമ്മീഷണറുമായി ആശയവിനിമയം നടത്തി കഴിഞ്ഞതാണ്. ബിഷപ്പ് എത്തിയാൽ ചോദ്യം ചെയ്യാനുള്ള ചോദ്യാവലിയും അന്വേഷണസംഘം തയ്യാറാക്കിക്കഴിഞ്ഞു.
ബുധനാഴ്ച രാവിലെ പത്തു മണിക്കകം ഹാജരാകാനാണ് ബിഷപ്പിന് നൽകിയിരിക്കുന്ന നോട്ടീസ്. എന്നാൽ ഹാജരാകുന്ന സമയം സംബന്ധിച്ച ജലന്ധർ രൂപത ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് ഡിജിപിയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam