
ചെങ്ങന്നൂര്‍:വെള്ളംകയറി നശിച്ച ചെങ്ങന്നൂര്‍ പാണ്ടനാട് മണ്ണാറത്തറ കോളനി നിവാസികള്‍ക്ക് ആശ്വാസമായി പോലീസുകാരുടെ 250 അംഗസംഘം. നിര്‍ദ്ധനരായ ആളുകള്‍ താമസിക്കുന്ന ഇവിടുത്തെ വീടുകള്‍ വൃത്തിയാക്കി കേടുപാടുകള്‍ പരിഹരിച്ച് അവസാനം ഓണക്കിറ്റും നല്‍കിയാണ് ആലപ്പുഴ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ മടങ്ങിയത്.
രാവിലെ മുതല്‍ തന്നെ ചെങ്ങന്നൂരേക്ക് സന്നദ്ധപ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. പാണ്ടനാട്ടെ മണ്ണാറത്തറ കോളനിയ്ക്ക് മുന്നിലും വലിയ ജനക്കൂട്ടം. ഒരു വീടിന്‍റെ മുന്നില്‍ ആലപ്പുഴ എസ്പി എസ്. സുരേന്ദ്രന്‍ ചെളികോരി വൃത്തിയാക്കുന്നു. ഡിവൈഎസ്പിമാരും സിഐമാരും ക്യാമ്പിലെ പോലിസുകാരുമടക്കം നിരവധി പേര്‍ രാവിലെ തന്നെയെത്തി. വെള്ളപ്പൊക്കത്തില്‍ ഉണ്ടായ ദുരന്തത്തിന്‍റെ അവശിഷ്ടം മാറ്റുന്നതിനൊപ്പം ഇവിടെ വേണ്ട എല്ലാ സഹായവും ചെയ്യാന്‍ ആളുകളെ പ്രത്യേകം കൊണ്ടുവന്നു. പാമ്പുകളെ പിടിക്കാന്‍ മാത്രം അഞ്ചുപേര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകയായ പോലീസ് ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് ആലപ്പുഴ എസ്പി പറഞ്ഞു.
കാസറഗോഡ് മാണിയാട്ട് നിന്ന് ശോഭാ ബാലന്‍റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം പോലീസുകാര്‍ക്കൊപ്പമുണ്ട്. ഇലട്രിക് പ്ലംബിംഗ് ജോലികളടക്കം എല്ലാം ചെയ്ത് കൊടുത്താണ് പോലീസുകാര്‍ മടങ്ങിയത്. കൂട്ടത്തില്‍ എല്ലാ സാധനങ്ങളുമടങ്ങിയ ഓണക്കിറ്റും. മണ്ണാറത്തറ കോളനിക്കാര്‍ക്ക് പറയാനാവാത്ത സന്തോഷമാണ്. എണ്‍പതിലേറെ വീടുകള്‍ പൂര്‍ണ്ണമായി വെള്ളത്തില്‍ മുങ്ങി ദുരിതത്തിലായ കോളനിയാണിത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam