
തിരുവനന്തപുരം: കുപ്രചരണങ്ങളിൽ കുടുങ്ങി നിയമം കയ്യിൽ എടുക്കരുതെന്ന് പോലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് സംശയിച്ച് അപരിചിതര്‍, വീടുകളില്‍ കച്ചവടത്തിനെത്തുന്നവര്‍, ഭിക്ഷാടനത്തിനെത്തുന്നവര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കുനേരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിതമായ അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദ്ദേശം.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വീടുകളില്‍ കറുത്ത സ്റ്റിക്കറുകളും മറ്റ് അടയാളങ്ങളും പതിപ്പിക്കുന്നതായും സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്ന പ്രചാരണത്തെത്തുടര്‍ന്നാണ് ഈ സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നത്. വീടുകളിലെ ജനാലകളിലും വാതിലുകളിലും കറുത്ത സ്റ്റിക്കറുകള്‍ കാണുന്നതായുള്ള പരാതികളില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തി വരുകയാണ്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇതിന് പുറകിലുള്ളതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല എങ്കിലും അത്തരം പരാതികളെത്തുടര്‍ന്ന് സംസ്ഥാനത്താകെ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും സംസ്ഥാനത്തില്ല. ഇതുസംബന്ധിച്ച് സംശയങ്ങളും ആശങ്കകളുമുള്ളവര്‍ പോലീസിനെ ബന്ധപ്പെടുകയാണ് വേണ്ടത്. അതിന് പകരം സംശയത്തിന്റെ പേരില്‍ ആളുകളെ തടയുന്നതും മര്‍ദ്ദിക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്. മേല്‍പ്പറഞ്ഞപ്രകാരം കുട്ടികള്‍ക്കെതിരേയും മറ്റും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ക്രമ സമാധാനചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പംതന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീതി പരത്തുന്ന സന്ദേശങ്ങള്‍ വസ്തുത പരിശോധിക്കാതെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam