നടുറോഡില്‍ പൊലീസിനെ വളഞ്ഞിട്ട് തല്ലിയ എസ്എഫ്ഐക്കാർ ഒളിവില്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Dec 13, 2018, 7:55 PM IST
Highlights

ടുറോഡിൽ  പോലീസുകാരെ തല്ലിയ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാർ ഒളിവിൽ.  കോളജിലെ യൂണിറ്റ് പ്രസിഡന്‍റ്  നസീം ഉള്‍പ്പെടെ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം:  നടുറോഡിൽ  പോലീസുകാരെ തല്ലിയ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാർ ഒളിവിൽ.  കോളജിലെ യൂണിറ്റ് പ്രസിഡന്‍റ്  നസീം ഉള്‍പ്പെടെ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.  എസ്എഫ്ഐക്കാരെ പിടികൂടാതെ വിട്ടയച്ച പൊലീസുകാരെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ആറുപേരിൽ നസീം,ആരോമൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയ ആരോമൽ പാളയം ആശാൻ സ്ക്വയറിൽ ഗതാഗതനിയമം ലംഘിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞതാണ് അക്രമത്തിന് കാരണം. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ പൊലീസുകാരനെ ആരോമൽ കയ്യേറ്റം ചെയ്തപ്പോൾ മറ്റ് മൂന്ന് പോലീസുകാർ ഇടപെട്ടു. ഇതിനിടെ ആരോമൽ യൂണിവേഴ്സിറ്റി കോളേജില എസ്എഫ്ഐക്കാരെ വിളിച്ചുവരുത്തി. പാഞ്ഞെത്തിയ പ്രവർത്തകർ പൊലീസിനെ മ‍ർദ്ദിച്ചു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പൊലീസിനെ ആക്രമിക്കുന്നത് അറിഞ്ഞ് കൻറോമെന്‍റ് സ്റ്റേഷനിലെ പൊലീസുകാരെത്തിയെങ്കിലും അക്രമികളെ അറസ്റ്റ് ചെയ്തില്ല. പൊലീസുകാർ നോക്കി നിൽക്കേ ആക്രണം നടത്തിയവർ ബൈക്കുമെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൂടുതൽ വിദ്യാർത്ഥികളെത്തിയതിനാൽ അക്രമികളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് സ്ഥലത്തെത്തിയ പൊലീസുകാർ നൽകിയിട്ടുള്ള വിശദീകരണം. 

ഇതേക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിനയ ചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് മർദ്ദമേറ്റത്. പൊലീസിനെ സംഘം ചേർന്ന് ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്. 

എസ്എഫ്ഐ ഭാരവാഹികളാരും പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.  യൂണിറ്റ് പ്രസിഡന്‍റ് നസീം അക്രമത്തിൽ പങ്കെടുത്തില്ലെന്നും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നസീമിനെ പൊലീസ് പ്രതിയാക്കുകയായിരുന്നവെന്നാണ് ജില്ലാ സെക്രട്ടറി ഷിജിൻ പറഞ്ഞു.

click me!