സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 27, 2018, 10:12 AM IST
Highlights

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശ് അന്വേഷിയ്ക്കും. കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തി.

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍  സിറ്റി പൊലീസ് കമ്മീഷണർ പി.പ്രകാശിനെ ചുമതലപ്പെടുത്തി. പ്രത്യേകസംഘത്തെ രൂപീകരിച്ച് അന്വേഷിക്കുമെന്ന് പി.പ്രകാശ് വ്യക്തമാക്കി. കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആശ്രമത്തിലെത്തി.

ആശ്രമത്തിന് നേരെ നടന്ന അക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. നിയമം കൈയ്യിലെടുക്കാൻ ഒരു കൂട്ടരെയും അനുവദിക്കില്ല. സംഭവത്തില്‍  അതിശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘം രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ചു. കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ആശ്രമത്തിലെ ഒരു ബൈക്കും കത്തിനശിച്ചു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.
 

click me!