
നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. വലിയ പ്രതിഷേധമുണ്ടാകുമെന്നും പൊലീസ് യുവതികളെ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലിൽ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലിൽ വച്ച് തന്നെ പൊലീസ് തടഞ്ഞിരുന്നു. തുര്‍ന്ന് ഇരുവരെയും കൺട്രോൾ റൂമിലേക്ക് മാറ്റി. ദർശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്പയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്പയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
അതേസമയം, പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോത്ഥാന കേരളം കൂട്ടായ്മ പ്രതികരിച്ചു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മലകയറാനെത്തിയത്. എന്നാല്‍ പൊലീസ് പതിവ് നാടകം കളിക്കുന്നു എന്നും കൂട്ടായ്മ പറഞ്ഞു. കൂടുതല്‍ യുവതികളുമായി എത്താന്‍ ശ്രമിക്കുമെന്നും നവോത്ഥാന കേരളം കൂട്ടായ്മയിലെ അംഗം ശ്രേയസ് കാണാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ പേര് പിന്നീട് വെളിപ്പെടുത്തും. തത്‍കാലം മടങ്ങുകയാണെന്നും കൂടുതൽ യുവതികളുമായി ഇന്ന് വരാൻ ശ്രമിക്കുമെന്നും ശ്രേയസ് കണാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറ് പുരുഷന്‍മാരും രണ്ട് യുവതികളുമടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്.
ദര്‍ശനത്തിനെത്തിയ യുവതികളെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ ആദ്യഘട്ടം മുതലേ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് താല്പര്യമുള്ള യുവതികളെ സഹായിക്കാനായി നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്. നിരവധി സ്ത്രീകളെ ശബരിമലയില്‍ ദാര്‍ശനത്തിന് കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്ന് സംഘടന പറയുന്നുണ്ടെങ്കിലും ബിന്ദു, കനകദുര്‍ഗ്ഗ, മഞ്ജു എന്നിവരെ ദര്‍ശനത്തിന് സഹായിച്ചത് കൂട്ടായ്മയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
മണ്ഡലകാല ശബരിമല ദര്‍ശനം ഇന്ന് അവസാനിക്കുകയാണ്. നടയടയ്ക്കും മുമ്പ് കൂടുതല്‍ സ്ത്രീകളുമായെത്തുമെന്ന് നവോത്ഥാന കൂട്ടായ്മയും ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ സംഘപരിവാര്‍ സംഘടനകളും ശ്രമം നടത്തുമ്പോള്‍ സംഘര്‍ഷം ഒഴിവാക്കാനാകും പൊലീസിന്‍റെ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam