
കാസര്‍കോട്: മുപ്പത് വര്‍ഷം വഴിക്കണ്ണുമായി മക്കളെക്കാത്തിരിക്കുന്ന ആടുകളം വാടിയില്‍ അന്നാമ്മച്ചേടത്തിയെ ആശ്വസിപ്പിക്കാന്‍ കാക്കിമനസ് മലകയറി. തൊണ്ണൂറ്റിയഞ്ചാം വയസിലും തന്റെ മക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ കഴിയുമെന്ന പ്രത്യാശയില്‍ കഴിയുന്ന അന്നമ്മച്ചേടത്തിയെക്കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്‍, അഡീഷണല്‍ എസ്.ഐ. രാമകൃഷ്ണന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നന്ദനന്‍, ഷിബു എന്നിവരാണ് ആശ്വാസ വാക്കുകളുമായി അന്നമ്മച്ചേടത്തിയെ കാണാനെത്തിയത്. 1986 ഡിസംബര്‍ 26 നാണ് മൂത്തമകന്‍ ജോണി ബോംബെയ്ക്ക് വണ്ടികയറിയത്. ജോണിക്ക് പുറകെ അനിയന്‍ വിന്‍സെന്റും ഒരു വര്‍ഷത്തിന് ശേഷം ബോംബെയ്ക്ക് വണ്ടി കയറി.
ഇരുവരും വര്‍ഷങ്ങളോളം വീടുമായി കത്തിടപാടുകള്‍ നടത്തിയിരുന്നെങ്കിലും പതുക്കെ കത്തുകള്‍ ലഭിക്കാതെയായി. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ മൂത്തമക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും അന്നമ്മച്ചേടത്തിക്കോ സഹോദരങ്ങള്‍ക്കോ അറിയില്ല. എന്നാല്‍ തന്നെക്കാണാന്‍ മക്കളിരുവരും വരുമെന്ന പ്രത്യാശയിലാണ് അന്നമ്മച്ചേടത്തി.
അന്നമ്മ ചേട്ടത്തിക്ക് മക്കളെ കാണണം, മരിക്കുന്നതിന് മുമ്പ് ഒരുവട്ടമെങ്കിലും...
വാര്‍ത്തകണ്ട് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ കണ്ടപ്പോള്‍ അന്നമ്മച്ചേടത്തിയുടെ കണ്ണുനിറഞ്ഞു. തന്റെ മക്കളെ കണ്ടെത്തി തരണമെന്ന് അവര്‍ പോലീസ് സാറമ്മാരോട് അപേക്ഷിച്ചു. അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ മക്കളെ കണ്ടെത്തിത്തരുമെന്ന് പോലീസ് അറിയിച്ചപ്പോള്‍ ചേടത്തിയുടെ ശബ്ദമിടറി, കണ്ണുകളീറനണിഞ്ഞു. ഇരുവരെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് ആടുകളം വാടിയുടെ പടികളിറങ്ങിയത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ജോണിയെയും വിന്‍സെന്റിനെയും കണ്ടെത്താനുള്ള കൂട്ടായ്മകളും രൂപീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam