കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി ആടുകളം വാടിയിലെ പരേതനായ കുര്യാക്കോസിന്റെ ഭാര്യ തടത്തില്‍ വീട്ടില്‍ അന്നമ്മ ചേട്ടത്തിക്ക് തൊണ്ണൂറ്റിയഞ്ചാണ് പ്രായം. പതിനൊന്ന് മക്കള്‍. ഏഴ് ആണും നാല് പെണും. അവരുടെ മക്കളും മക്കളുടെ മക്കളും അടക്കം നാല് തലമുറയുടെ മുത്തശ്ശിയാണ് അന്നമ്മ ചേടത്തി. ആടുകളം വാടിയിലെ മലഞ്ചെരുവിലുള്ള വീട്ടില്‍ വാര്‍ദ്ധക്യത്തിലും കാഴ്ച്ചമങ്ങിത്തുടങ്ങിയ കണ്ണുമായി അവര്‍ സ്വന്തം മക്കളെ കാത്തിരിക്കുന്നു. നാല് തലമുറയില്‍ നൂറിനടുത്ത് കുടുംബാംഗങ്ങളുണ്ടെങ്കിലും അവര്‍ ഇപ്പോഴും മുപ്പത് വര്‍ഷം മുമ്പ് ജോലിതേടി പോയ തന്റെ മൂത്ത മക്കളെകാത്തിരിക്കുകയാണ്. 

നാല്‍പ്പത്തഞ്ച് വര്‍ഷം മുമ്പാണ് ഇടുക്കി ജില്ലയിലെ മഞ്ചി കവലയില്‍ നിന്നും ഭര്‍ത്താവ് കുരിയാക്കോസിനും പതിനൊന്ന് മക്കള്‍ക്കുമൊപ്പം അന്നമ്മച്ചേടത്തി കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി ആടുകളം വാടിയില്‍ കുടിയേറിയത്. മലബാറിലേക്ക് ക്രിസ്ത്യാനികള്‍ കുടിയേറുന്നകാലം. ദുരിതങ്ങള്‍ മാത്രമായിരുന്നു അന്ന് കൂട്ടിനുണ്ടായിരുന്നത്. ഭൂമിക്ക് തുച്ഛ വിലയായതിനാല്‍ ഏക്കറുകള്‍ വാങ്ങി. എന്നാല്‍ മുഴുവനും കാടായിരുന്നു. പേരാത്തതിന് മലഞ്ചരിവും. കൃഷി ആരംഭിക്കുന്നതിന് മുമ്പേ ദുരിതങ്ങള്‍ ഓരോന്നായെത്തി. അന്നമ്മ ഓര്‍മ്മകളുടെ ആഴങ്ങളില്‍ കണ്ണുതുടച്ചു. പക്ഷേ മക്കളുടെ ഓര്‍മ്മകളില്‍ അവരുടെ ദുര്‍ബലമായ കൈകള്‍ക്ക് സ്വന്തം കണ്ണുനീര് തുടച്ചു നീക്കാനായില്ല.

പതിനൊന്ന് മക്കളില്‍ മുപ്പത് വര്‍ഷം മുമ്പ് പത്താംതരം ഒന്നാം ക്ലാസോടെ പാസായ രണ്ട് മക്കള്‍. ജോണിയും വിന്‍സെന്റും. കുടിയേറ്റക്കാരന്റെ ദുരിതക്കയത്തില്‍ നിന്ന് രക്ഷതേടി ആദ്യമിറങ്ങിയത് ജോണിയായിരുന്നു. പതിനൊന്നു പേരടങ്ങിയ ആ വലിയ കുടുംബത്തില്‍ നിന്നും ജോണി അന്നത്തെ മഹാനഗരമായ ബോംബെയ്ക്ക് 1986 ഡിസംബര്‍ 26 ന് രാവിലെ വണ്ടി കയറി. നിറകണ്ണുകളുമായി ആ കുടുംബം അവനെ യാത്രയാക്കി. 

കത്തുകളില്‍ നിന്ന് കത്തുകളിലൂടെ ജോണി ഒരു വര്‍ഷത്തോളം കുടുംബവുമായി ഗാഢമായ ബന്ധം സൂക്ഷിച്ചു. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ജോണിക്ക് പുറകേ അനിയന്‍ വിന്‍സെന്റും ബോംബെയ്ക്ക് വണ്ടികയറി. ഇരുവരും തുടര്‍ന്ന് വര്‍ഷങ്ങളോളം കുടുംബവുമായി കത്തിടപാടുകള്‍ തുടര്‍ന്നു. നല്ല ജോലി, താമസം, കൂട്ടുകാര്‍ എല്ലാം അവരിരുവരും കുടുംബവുമായി പങ്കുവച്ചു. ഇടയിലെപ്പോഴോ കത്തുകള്‍ നിലച്ചു. ഫോണുകളും ഇ-മെയിലുകളും ഇല്ലാത്ത കാലം. കത്തുകളായിരുന്നു ഏക ആശ്വാസം അത് നിലച്ചതോടെ ഇരുവരുടെയും സുഖാന്വേഷണങ്ങള്‍ അന്നമ്മയ്ക്ക് പഴയകത്തുകളിലെ നിറംമങ്ങിയ വാക്കുകള്‍ മാത്രമായി. 

ഇതിനിടയില്‍ എന്നും ഒപ്പമുണ്ടായിരുന്ന പ്രിയതമന്‍ കുര്യാക്കോസ് അന്നമ്മയെ വിട്ടുപിരിഞ്ഞു. പിതാവിന്റെ മരണം മക്കളെ ഇരുവരെയും അവരുടെ പഴയ മേല്‍വിലാസത്തില്‍ എഴുതിയറിയിച്ചെങ്കിലും മറുപടികള്‍ ആടുകളം വാടിയിലെ മലഞ്ചെരുകള്‍ കയറിയെത്തിയില്ല. രണ്ട് ദിവസത്തോളം മക്കളെക്കാത്ത് പിതാവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ വിറങ്ങലിച്ചിരുന്നു. ഒടുക്കം, കുഴിമാടത്തിലേക്ക് മണ്ണിടാന്‍ മൂത്തമക്കളില്ലാതെ കുര്യാക്കോസ് മണ്ണിനോടലിഞ്ഞു തീര്‍ന്നു. ആശ്വസിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നയാള്‍ പോയപ്പോള്‍ ആ വലിയ കുടുംബത്തില്‍ അന്നമ്മയ്ക്ക് ദുഖഭാരം കൂടി. അവര്‍ മക്കള്‍ക്കായി കര്‍ത്താവിന്റെ തിരുനടയില്‍ മുട്ടിപ്പായി പ്രര്‍ത്ഥനകള്‍ അര്‍പ്പിച്ചു. കഴിഞ്ഞ മുപ്പത് വര്‍ഷമായി അന്നമ്മ തന്റെ പ്രാര്‍ത്ഥനകള്‍ക്ക് മുടക്കം വരുത്തിയിട്ടില്ല. 

വയസ് തൊണ്ണൂറ്റഞ്ച് കഴിഞ്ഞു. പഴയപോലെ പള്ളിയിലേക്ക് ഒറ്റയ്ക്ക് പോകാന്‍കഴിയില്ല. ആരെങ്കിലും വേണം സഹായത്തിന്. ഇപ്പോഴാണെങ്കില്‍ നടക്കാനും അല്പം ബുദ്ധിമുട്ടുണ്ട്. കാഴ്ചയും മങ്ങിത്തുടങ്ങി. അവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ദിവസങ്ങളില്ല. ഓരോ നിമിഷവും അവരാണെന്റെ മുമ്പിലെന്നു തോന്നും. കുടുംബത്തിന് താങ്ങായി തിരിച്ചുവരുമെന്ന് കരുതിയതാണ്. എന്റെ കണ്ണടയുന്നതിന് മുമ്പേ അവരെയൊന്ന് കാണണമെന്നാണ് ഏക ആഗ്രഹവും, അതിനായാണ് ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതും... അന്നമ്മച്ചേടത്തിയ്ക്ക് വിതുമ്പലടയ്ക്കാനായില്ല. 

മുപ്പത് വര്‍ഷമായിട്ടും മക്കളെക്കുറിച്ച് ഒരുവിവരവുമില്ലെങ്കിലും അന്നമ്മയ്ക്കും കുര്യാക്കോസിനും മക്കളെ മറക്കാന്‍ കഴിഞ്ഞില്ല. സ്വത്ത് ഭാഗംവെക്കുമ്പോള്‍ 11 മക്കള്‍ക്കും തുല്ല്യമായി ഭാഗം വെച്ചു. രണ്ടേക്കര്‍ ഭൂമി ജോണിക്കും വിന്‍സെന്റിനുമായി എഴുതിവെച്ചു. ഈ ഭൂമിയുടെ നികുതി ഇപ്പോഴും അന്നമ്മയാണ് അടക്കുന്നതും. പ്രായവും അവശതയും തളര്‍ത്തിയ അന്നമ്മ ചേട്ടത്തിയോടൊപ്പം മക്കളായി ഒന്‍പതുപേര്‍ വിളിപ്പാടകലെ ഉണ്ടെങ്കിലും കുടുംബത്തിനായി അന്യനാട്ടില്‍ പോയി മടങ്ങിയെത്താത്ത ജോണിനെയും വിന്‍സ്റ്റിനെയുമാണ് അവരെന്നും തിരക്കുന്നത്. തന്നെക്കാണാനായി ഇരുവരും ഒരിക്കല്‍ മടങ്ങിയെത്തുമെന്ന് അന്നമ്മച്ചേടത്തി ഇന്നും വിശ്വസിക്കുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും കാണാത്ത മക്കളെ കണ്ടെത്താന്‍ പോലീസിന്റെ സഹായത്തിനൊരുങ്ങുകയാണ് ഈ മുത്തശ്ശി.