
ചെന്നൈ: അണ്ണാഡിഎംകെ ബിജെപി സഖ്യചര്‍ച്ച അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോൾ തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങൾ. ടിടിവി ദിനകര പക്ഷത്തെ നിരവധി നേതാക്കള്‍ അണ്ണാഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാകാന്‍ സമ്മതം അറിയിച്ചു. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനിടയിലും കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനാണ് അണ്ണാഡിഎംകെയുടെ നീക്കം.
2016ല്‍ ബിജെപി സമ്മേളനങ്ങള്‍ക്ക് എത്തിയ നരേന്ദ്രമോദിയുടെ നിര്‍ദേശം രണ്ട് ദ്രാവിഡ പാര്‍ട്ടികളേയും അകറ്റി നിര്‍ത്തുകയെന്നതായിരുന്നു. എന്നാല്‍ ജയലളിതയുടെയും കരുണാനിധിയുടേയും മരണത്തിന് ശേഷമുള്ള ആദ്യ നിര്‍ണ്ണായക തെരഞ്ഞെടുപ്പില്‍ ബിജെപി കളം മാറ്റിയിരിക്കുന്നു. 39 സീറ്റുള്ള തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം ദില്ലിയില്‍ സൃഷ്ടിക്കുന്ന ചലങ്ങള്‍ ചെറുതല്ലെന്ന് ബോധ്യത്തിലാണ് കേന്ദ്രനീക്കം.
സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇരുപത്തിനാല് മണ്ഡലങ്ങള്‍ അണ്ണാഡിഎംകെയ്ക്ക് വിട്ടുനല്‍കി. എട്ട് സീറ്റില്‍ മത്സരിക്കാനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയും മുന്നോട്ടുവച്ച് കഴിഞ്ഞു. ബിജെപി കേന്ദ്ര നേതാക്കള്‍ക്കളുടെ നിരീക്ഷണത്തിലാണ് മേഖല തിരിച്ചുള്ള പ്രചരണം. രണ്ടാഴ്ച്ചക്കിടെ രണ്ട് തവണ മോദി പൊതുസമ്മേളനങ്ങള്‍ക്കായി തമിഴ്നാട്ടിലെത്തി.
തമ്പിദുരൈ അടക്കം അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് സഖ്യനീക്കത്തോട് യോജിപ്പില്ല. പിഎംകെ, ഡിഎംഡികെ ,പുതിയ തമിഴകം പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ തൃപ്തരല്ല. മേക്കേദാട്ടു അണ്ണകെട്ട് നീക്കവും നീറ്റ് വിഷയങ്ങളില്‍ തമിഴകത്തെ എതിര്‍പ്പ് കെട്ടടങ്ങാത്തതും സഖ്യചര്‍ച്ചയിലെ ആശയക്കുഴപ്പം നീട്ടുന്നു.
അതേസമയം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരടക്കം ടിടിവി പക്ഷത്തെ നേതാക്കളെ സഖ്യത്തില്‍ കൊണ്ടുവരാന്‍ എടപ്പാടി പക്ഷം നീക്കം ശക്തമാക്കി. കഴിഞ്ഞ ദിവസം തിരുപ്പൂരിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ദിനകരന്‍റെ വിശ്വസ്ഥന്‍ ചിന്നാദുരൈ അടക്കമുള്ള പ്രവര്‍ത്തകര്‍ അണ്ണാഡിഎംകെയുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചു.
കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഡിഎംകെ പ്രചരണം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ സഖ്യനീക്കത്തില്‍ പോലും ആശയക്കുഴപ്പത്തിലാണ് എഐഡിഎംകെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam